Tuesday, March 23, 2010

അകലെ..

അകലെ....അകലെ...
ദ്രഷ്ടി എപ്പോഴും അങ്ങിനെയാണ്‌.
കൂടു കൂട്ടാനല്ല..
കൂട്ടുകാരെ തേടിയതുമല്ല.
എങ്കിലും കണ്ണെപ്പോഴും അങ്ങിനെയാണ്‌..
തെന്നിപ്പോകുന്ന ജീവിതത്തിനു ഒരു പരിഹാരം.
പരിഹാസങ്ങള്‍ക്കു ഒരു മറുപടി.

അകലെ...അകലെ
കുറച്ചുകൂടി അകലെ..
അവിടെ ഏതോ പ്രിയമുള്ളവള്‍ കാത്തിരുന്നിട്ടല്ല.
കിട്ടാക്കനി കിട്ടുമെന്നുറപ്പുമില്ല.
സ്വീകരിച്ചാശ്ലേഷിക്കാന്‍ ഉറ്റമിത്രങ്ങളുമില്ല.
എന്നിട്ടും അകലെ..അകലെ..
അകലെയാണെല്ലാം...എല്ലാം..

Friday, March 5, 2010

ഇവിടം സ്വര്‍ഗ്ഗമാണോ...?

ഭൂമാഫിയകളുടെ കടന്നു കയറ്റത്തെ പ്രതിപാദിക്കുന്ന സിനിമ എന്ന നിലയില്‍ "ഇവിടം സ്വര്‍ഗ്ഗമാണ്‍"`കാലികപ്രസക്തമാണ് . പക്ഷേ അതു കൈകാര്യം ചെയ്ത രീതി തട്ടു പൊളിപ്പന്‍ സിനിമകളുടെ പതിവു ഫോര്‍മുലയിലൂടെയാണെന്നുമാത്രം.ത്രികോണ പ്രേമം,സ്റ്റണ്ട്`,ജഗതി കോമഡി,ഇങ്ങനെ ചേരുവകള്‍ വേണ്ടതില്‍ ഏറെയുണ്ട്‌ ഈ സിനിമയി‌ല്‍ . ഏതിന്റെ ഭീബത്സമുഖമാണോ ആദ്യപകുതിയില്‍ കാണിക്കാന്‍ ശ്രമിക്കുന്നതു..ആ വിഷയത്തില്‍ നിന്നും മസാലകളുടെ ചളിക്കുണ്ടിലേക്കു വഴുതിവീണു കൈകാല്‍ ഒടിഞ്ഞു തപ്പി ത്തടഞ്ഞു എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സം വിധായകന്റെ ദയനീയ ചിത്രമാണു രണ്ടാം പകുതിയില്‍ നാം കാണുന്നത്
മുമ്പേ പറക്കുന്ന യുവ സംവിധായകരുടെ ഗ്രൂപ്പില്‍പ്പെട്ട റോഷനെപോലുള്ളവര്‍ ജീവല്‍ പ്രധാനമായവിഷയങ്ങളെ നിസ്സാരവല്‍ക്കരിച്ചു കോമഡിയാക്കി രസിക്കുന്നതുകാണുമ്പോള്‍ സങ്കടം തോന്നിപ്പോകുന്നു..ഫാമിലെ പച്ചക്കറിത്തോട്ടങ്ങളും കന്നുകാലികൂട്ടങ്ങളും ഗ്രാമ്യഭംഗിതൂകുന്ന ദ്രുശ്യങ്ങളും മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌.എന്തു വിഷയമായാലും പഴകിയ ചില കമ്മേഴ്സ്യല്‍ ഫോര്‍മുലകളിലൂടെ പറഞ്ഞാലേ പടം കരകാണുകയുള്ളൂ എന്ന അന്ധവിശ്വാസം റോഷനെപോലുള്ളവരെങ്കിലും ഉപേക്ഷിക്കേണ്ടതാണ്‌.
എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌ ഈ പടവും ഗിരീഷ് കസറവള്ളി സം വിധാനം ചെയ്ത കന്നഡ ചിത്രമായ ദ്വീപ എന്ന പടവും തമ്മിലുള്ള സാമ്യം കണ്ടതുകൊണ്ടാണ്‌. സൗന്ദര്യ നായികയായ ദ്വീപയിലുമിതേ ഭൂമികയ്യേറ്റമാണു ഇതിവ്രത്തം. സര്‍വ്വെ ചെയ്യലും കുറ്റിയടിക്കലും ആധാരവുമായി റെജിസ്റ്റ്രാഫീസില്‍ പോകലും, നായക കഥാപാത്രത്തിന്റെ ഭൂമി ഒഴിഞ്ഞു കൊടുക്കില്ലെന്ന വാശിയും.അച്ഛനെ പോലീസ് അറസ്റ്റു ചെയ്യാന്‍ വരുമ്പോള്‍ ഒളിപ്പിച്ചു നിര്‍ത്താന്‍ തത്രപ്പെടുന്നതു വരെസാമ്യങ്ങള്‍ ഏറെയാണ്‌.എന്നാല്‍ വിഷയം അവതരിപ്പിക്കുന്നതില്‍ കാസറവള്ളികാണിക്കുന്ന കയ്യൊതുക്കവും,കലാമൂല്യവും ഗൗരവവും റോഷനില്‍ കാണാനേയില്ല.
ഈ ചിത്രം തുടങ്ങുമ്പോള്‍ വളരെ പ്രാധാന്യത്തോടേ കാണിക്കുന്ന ദേശീയ അവാര്‍ഡുലഭിച്ച അദ്ധ്യാപികയും അവരെ കുറിച്ചു ഡോക്യുമെന്ററി എടുക്കുന്ന മകള്‍ പ്രിയങ്കയും പിന്നീടുള്ള കഥാഗതിയില്‍ തീരെ അപ്രസക്തമായിപോവുകയാണു ചെയ്യുന്നത്‌.ഒരു സമയത്ത്‌ ഫാമിനെ കുറിച്ചുള്ള ഫീച്ചര്‍ ചാനലില്‍ കൊടുത്തുകൊണ്ട്‌ നായകനെ രക്ഷിക്കാന്‍ പ്രിയങ്ക ശ്രമിക്കുന്നുണ്ടെങ്കിലും തീരെ മിഴിവില്ലാതെ നായകനു സഖിയായി തിരഞ്ഞെടുക്കാനുള്ള മൂന്നു നായികമാരില്‍ ഒരാളായി ഒതുങ്ങിപോകാനാണു അവരുടെ വിധി.ലക്ഷ്മി ഗോപാലസ്വാമിയുടെ കഥാപാത്രം വെള്ളാനകളുടെ നാടിലെ ശോഭനയുടെ തനിപകര്‍പ്പാണ്‌.ലക്ഷ്മീറായിയുടെ വക്കീലിനും പ്രത്യേകിച്ചു പുതുമയൊന്നും ഇല്ല.
ക്ലയിമാക്സിലെ ജഗതി,ലാലുഅലക്സ് ലാല്‍ കോമഡി കസര്‍ത്തുകളിലൂടെ ഭൂമാഫിയ പ്രശ്നം പരിഹരിച്ചതിനു ശേഷം ഏറ്റ്വും വലിയ ചോദ്യത്തിലേക്കു സം വിധായകന്‍ നമ്മെ കൊണ്ടു പോകുന്നു..നായകന്‍ മൂന്നു നായികമാരില്‍ ആരെ കെട്ടും.?ആദ്യ രംഗത്ത്‌ ലോറിയില്‍ കൊണ്ടുവരുന്ന മൂരിക്കുട്ടന്‍ നായകന്റെ പ്രതിരൂപമാണെങ്കില്‍ മൂന്നു പശുക്കളില്‍ വക്കീല്‍ പ്ശുവിനെ തിരഞ്ഞെടുത്ത്‌ നായകന്‍ നമ്മുടെ ആകാംക്ഷക്ക്‌ തിരശ്ശീലവീഴ്ത്തുന്നു.ഈ പശുപ്രായത്തില്‍ നിന്നും നമ്മുടെ നായികമാര്‍ക്കു എന്നാണു മോചനം എന്നു ഇവിടെ ചോദിക്കാവുന്നതാണ്‌.
മിസ്റ്റര്‍ റോഷന്‍ കഥമാത്രം കവര്‍ന്നെടുക്കാതെ കസറവള്ളിയെപോലുള്ളവരുടെ ക്രാഫ്റ്റ്മാന്‍ ഷിപ്പിനേയും കലാപരമായ മികവിനേയും കൂടി കവര്‍ന്നെടുക്കാന്‍ ശ്രമിക്കൂ..നിങ്ങള്‍ക്കും ഞ്ഞങ്ങള്‍ക്കും അതാണ്‍ ഗുണകരമാവുക..!