Wednesday, September 12, 2012

ഒഴിഞ്ഞ മുറി ...


ഒഴിഞ്ഞ മുറി ...
മരണം തപസ്സിരിക്കുന്ന കാടാണ് .
മുറിവുകളുടെ കാണാരക്തം
ചുമരുകളിലാകെ കട്ടകുത്തി ..
ഒഴിഞ്ഞ മുറി -അവസാനമായി
പിരിയുമ്പോള്‍ അവള്‍ പറഞ്ഞ വാക്കാണ്‌ .
അതിനു ചുറ്റും കടവാവലുകള്‍ ആര്‍ത്തു പറക്കുന്നു
.
എത്ര മാറാല കെട്ടിയിട്ടും അതിനുള്ളില്‍
ഒരു നിലവിളി മാത്രം ബാക്കിയായി .
ഒഴിഞ്ഞ മുറി
സത്യം ചോര്‍ന്നു പോയ എന്റെ രാജ്യമാണ് .
വാഗ്ദാനങ്ങളിലും കടങ്ങളിലും തൂക്കിനോക്കി
ദിനം പ്രതി അതിന്റെ മാംസം വില്‍ക്കപ്പെടുന്നു.
ഒഴിഞ്ഞ മുറി.. .
ദൈവത്തെ കാണാതെ തേങ്ങുന്ന എന്റെ ഹൃദയമാണ് .
സ്നേഹത്തിന്റെ തുള്ളി വെളിച്ചം ഇറ്റു വീഴുന്നതും കാത്തു
ഞാന്നീ ഒഴിഞ്ഞമുറിയില്‍ തനിയെ .
ഒഴിഞ്ഞ മുറി ..ഇനിയും ഒഴിയാതെ
 പിടിച്ചു നില്‍ക്കുന്ന  ഞാനാണ് .