Tuesday, September 14, 2010

എന്തു ചെയ്യും..?

അനന്തത വാടകക്കെടുത്തോരു മുറിയാണു
എന്റെ ഹ്രദയം..
ഇതില്‍ വ്യാപാരം ചെയ്യാന്‍ വന്നവര്‍
വിപണി നിലവാരം നോക്കി അകത്തു
കയറാതെ കടന്നു പോകുന്നു.
എന്തു ചെയ്യും?
ജീവിതം എവിടെയാണു`?
മൗനം നുണപറയുന്ന തെരുവാണു
എന്റെ ഹ്രദയം.
ആരേയും കാണാതെ ഒളിച്ചു കളിക്കുന്ന
മായാവിയെപോലെയായി എന്റെ മനസ്സു`..,
എവിടെ പോകുന്നു..-ഞാനെന്തു ചെയ്യാന്‍..?
അറിവില്ലായ്മകളെ..നിങ്ങളൊരു അതിഥിയായി
എപ്പോഴുമെന്തേ ഈ കോലായില്‍..

Tuesday, March 23, 2010

അകലെ..

അകലെ....അകലെ...
ദ്രഷ്ടി എപ്പോഴും അങ്ങിനെയാണ്‌.
കൂടു കൂട്ടാനല്ല..
കൂട്ടുകാരെ തേടിയതുമല്ല.
എങ്കിലും കണ്ണെപ്പോഴും അങ്ങിനെയാണ്‌..
തെന്നിപ്പോകുന്ന ജീവിതത്തിനു ഒരു പരിഹാരം.
പരിഹാസങ്ങള്‍ക്കു ഒരു മറുപടി.

അകലെ...അകലെ
കുറച്ചുകൂടി അകലെ..
അവിടെ ഏതോ പ്രിയമുള്ളവള്‍ കാത്തിരുന്നിട്ടല്ല.
കിട്ടാക്കനി കിട്ടുമെന്നുറപ്പുമില്ല.
സ്വീകരിച്ചാശ്ലേഷിക്കാന്‍ ഉറ്റമിത്രങ്ങളുമില്ല.
എന്നിട്ടും അകലെ..അകലെ..
അകലെയാണെല്ലാം...എല്ലാം..

Friday, March 5, 2010

ഇവിടം സ്വര്‍ഗ്ഗമാണോ...?

ഭൂമാഫിയകളുടെ കടന്നു കയറ്റത്തെ പ്രതിപാദിക്കുന്ന സിനിമ എന്ന നിലയില്‍ "ഇവിടം സ്വര്‍ഗ്ഗമാണ്‍"`കാലികപ്രസക്തമാണ് . പക്ഷേ അതു കൈകാര്യം ചെയ്ത രീതി തട്ടു പൊളിപ്പന്‍ സിനിമകളുടെ പതിവു ഫോര്‍മുലയിലൂടെയാണെന്നുമാത്രം.ത്രികോണ പ്രേമം,സ്റ്റണ്ട്`,ജഗതി കോമഡി,ഇങ്ങനെ ചേരുവകള്‍ വേണ്ടതില്‍ ഏറെയുണ്ട്‌ ഈ സിനിമയി‌ല്‍ . ഏതിന്റെ ഭീബത്സമുഖമാണോ ആദ്യപകുതിയില്‍ കാണിക്കാന്‍ ശ്രമിക്കുന്നതു..ആ വിഷയത്തില്‍ നിന്നും മസാലകളുടെ ചളിക്കുണ്ടിലേക്കു വഴുതിവീണു കൈകാല്‍ ഒടിഞ്ഞു തപ്പി ത്തടഞ്ഞു എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സം വിധായകന്റെ ദയനീയ ചിത്രമാണു രണ്ടാം പകുതിയില്‍ നാം കാണുന്നത്
മുമ്പേ പറക്കുന്ന യുവ സംവിധായകരുടെ ഗ്രൂപ്പില്‍പ്പെട്ട റോഷനെപോലുള്ളവര്‍ ജീവല്‍ പ്രധാനമായവിഷയങ്ങളെ നിസ്സാരവല്‍ക്കരിച്ചു കോമഡിയാക്കി രസിക്കുന്നതുകാണുമ്പോള്‍ സങ്കടം തോന്നിപ്പോകുന്നു..ഫാമിലെ പച്ചക്കറിത്തോട്ടങ്ങളും കന്നുകാലികൂട്ടങ്ങളും ഗ്രാമ്യഭംഗിതൂകുന്ന ദ്രുശ്യങ്ങളും മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌.എന്തു വിഷയമായാലും പഴകിയ ചില കമ്മേഴ്സ്യല്‍ ഫോര്‍മുലകളിലൂടെ പറഞ്ഞാലേ പടം കരകാണുകയുള്ളൂ എന്ന അന്ധവിശ്വാസം റോഷനെപോലുള്ളവരെങ്കിലും ഉപേക്ഷിക്കേണ്ടതാണ്‌.
എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌ ഈ പടവും ഗിരീഷ് കസറവള്ളി സം വിധാനം ചെയ്ത കന്നഡ ചിത്രമായ ദ്വീപ എന്ന പടവും തമ്മിലുള്ള സാമ്യം കണ്ടതുകൊണ്ടാണ്‌. സൗന്ദര്യ നായികയായ ദ്വീപയിലുമിതേ ഭൂമികയ്യേറ്റമാണു ഇതിവ്രത്തം. സര്‍വ്വെ ചെയ്യലും കുറ്റിയടിക്കലും ആധാരവുമായി റെജിസ്റ്റ്രാഫീസില്‍ പോകലും, നായക കഥാപാത്രത്തിന്റെ ഭൂമി ഒഴിഞ്ഞു കൊടുക്കില്ലെന്ന വാശിയും.അച്ഛനെ പോലീസ് അറസ്റ്റു ചെയ്യാന്‍ വരുമ്പോള്‍ ഒളിപ്പിച്ചു നിര്‍ത്താന്‍ തത്രപ്പെടുന്നതു വരെസാമ്യങ്ങള്‍ ഏറെയാണ്‌.എന്നാല്‍ വിഷയം അവതരിപ്പിക്കുന്നതില്‍ കാസറവള്ളികാണിക്കുന്ന കയ്യൊതുക്കവും,കലാമൂല്യവും ഗൗരവവും റോഷനില്‍ കാണാനേയില്ല.
ഈ ചിത്രം തുടങ്ങുമ്പോള്‍ വളരെ പ്രാധാന്യത്തോടേ കാണിക്കുന്ന ദേശീയ അവാര്‍ഡുലഭിച്ച അദ്ധ്യാപികയും അവരെ കുറിച്ചു ഡോക്യുമെന്ററി എടുക്കുന്ന മകള്‍ പ്രിയങ്കയും പിന്നീടുള്ള കഥാഗതിയില്‍ തീരെ അപ്രസക്തമായിപോവുകയാണു ചെയ്യുന്നത്‌.ഒരു സമയത്ത്‌ ഫാമിനെ കുറിച്ചുള്ള ഫീച്ചര്‍ ചാനലില്‍ കൊടുത്തുകൊണ്ട്‌ നായകനെ രക്ഷിക്കാന്‍ പ്രിയങ്ക ശ്രമിക്കുന്നുണ്ടെങ്കിലും തീരെ മിഴിവില്ലാതെ നായകനു സഖിയായി തിരഞ്ഞെടുക്കാനുള്ള മൂന്നു നായികമാരില്‍ ഒരാളായി ഒതുങ്ങിപോകാനാണു അവരുടെ വിധി.ലക്ഷ്മി ഗോപാലസ്വാമിയുടെ കഥാപാത്രം വെള്ളാനകളുടെ നാടിലെ ശോഭനയുടെ തനിപകര്‍പ്പാണ്‌.ലക്ഷ്മീറായിയുടെ വക്കീലിനും പ്രത്യേകിച്ചു പുതുമയൊന്നും ഇല്ല.
ക്ലയിമാക്സിലെ ജഗതി,ലാലുഅലക്സ് ലാല്‍ കോമഡി കസര്‍ത്തുകളിലൂടെ ഭൂമാഫിയ പ്രശ്നം പരിഹരിച്ചതിനു ശേഷം ഏറ്റ്വും വലിയ ചോദ്യത്തിലേക്കു സം വിധായകന്‍ നമ്മെ കൊണ്ടു പോകുന്നു..നായകന്‍ മൂന്നു നായികമാരില്‍ ആരെ കെട്ടും.?ആദ്യ രംഗത്ത്‌ ലോറിയില്‍ കൊണ്ടുവരുന്ന മൂരിക്കുട്ടന്‍ നായകന്റെ പ്രതിരൂപമാണെങ്കില്‍ മൂന്നു പശുക്കളില്‍ വക്കീല്‍ പ്ശുവിനെ തിരഞ്ഞെടുത്ത്‌ നായകന്‍ നമ്മുടെ ആകാംക്ഷക്ക്‌ തിരശ്ശീലവീഴ്ത്തുന്നു.ഈ പശുപ്രായത്തില്‍ നിന്നും നമ്മുടെ നായികമാര്‍ക്കു എന്നാണു മോചനം എന്നു ഇവിടെ ചോദിക്കാവുന്നതാണ്‌.
മിസ്റ്റര്‍ റോഷന്‍ കഥമാത്രം കവര്‍ന്നെടുക്കാതെ കസറവള്ളിയെപോലുള്ളവരുടെ ക്രാഫ്റ്റ്മാന്‍ ഷിപ്പിനേയും കലാപരമായ മികവിനേയും കൂടി കവര്‍ന്നെടുക്കാന്‍ ശ്രമിക്കൂ..നിങ്ങള്‍ക്കും ഞ്ഞങ്ങള്‍ക്കും അതാണ്‍ ഗുണകരമാവുക..!

Friday, February 19, 2010

ജീവിതം

മറന്നു പോകുന്ന ഒരോര്‍മ്മ...
അതാണിന്നു ജീവിതം.
തരുതരെ ഇല്ലാതാകുന്ന ഒരു മോഹം...
അതാണിന്നു ജീവിതം.
അഗാധതകളുടെ നിരാലംബതയില്‍
ഒരു സ്നേഹത്തിന്റെ വിങ്ങല്‍ ....
അതാണിന്നു ജീവിതം.
സ്വപ്നം വില്‍ക്കുന്ന തെരുവിലൂടെ
ലക്ഷ്യമില്ലാതുള്ള യാത്ര......
അതാണിന്നു ജീവിതം.
എന്റെ ജീവിതമേ..നിന്നില്‍ എനിക്കെന്നാണ്‍
ശരിക്കുമൊന്നു ജീവിക്കാനാവുക..?
അറിവില്ലായ്മകളുടെ പാളയത്തില്‍ നിന്നും
ദിനങ്ങളുടെ തേരുതെളിച്ച്
ഞാനെവിടേക്കാണു പോകുന്നത്.....?
ദൈവങ്ങളേ....
എനിക്കു ജീവിതം കാണിച്ചു തരുവാന്‍
ആരാണൊന്നീവഴി വരിക...!
ആരാണ്‌......

Tuesday, February 9, 2010

കാലം

കാലത്തെണീക്കണേ ....
കാലത്തില്‍ നില്‍ക്കണേ..
കാലമാവോളം കാക്കണേ....
കാലം കളയാതെ നോക്കണേ...
കലികാലമാണേ....
കവിയാതെ കുറയാതെ
കറപുരളാതെ നടക്കണേ...!

Saturday, February 6, 2010

കൊച്ചിന്‍ ഹനീഫ

"ഇസ്ക്കന്തറേ, ഹനീഫയാണ്‌..നാളെ കാലത്തു എത്തുന്നതിനു പകരം ഞാന്‍ വൈകുന്നേരം എത്തിയാല്‍ മതിയോ?.....തീര്‍ച്ചയായും എത്താം.." മഞ്ചേരിയില്‍ ഈ സ്നേഹതീരത്ത്‌ എന്ന സിനിമയുടെ ഷൂറ്റിങ് നടക്കുമ്പോഴാണ്‌ ഈ ഫോണ്‍ കാള്‍ .മുന്‍പരിചയമില്ലാത്ത എന്നെ എന്റെ കടുകട്ടി പേരു ചൊല്ലി വിളിക്കുക.സന്തോഷവും അഭിമാനവും തോന്നി.എന്നെ വളരെക്കാലമായി അടുത്തറിയുന്ന ഒരു ബന്ധുവിന്റെ ശബ്ദം പോലെ..സാധാരണ നടന്മാര്‍
വിളിക്കുക"ഹലോ..അസോസിയേറ്റാണല്ലേ..എന്താപേര്‌.ഞാന്‍..."ഇങനെയാകും.
നാളെയാവാന്‍ ഞാന്‍ കാത്തിരുന്നു..ഹനീഫക്കയെപരിചയപ്പെടാന്‍....... ഒരു പാവം മനുഷ്യന്‍ ,തന്റെ പ്രശസ്തിയുടെ ഒരു കനം പോലും ആ വാക്കിലോ നോക്കിലോ ഇല്ല.ഞങല്‍ പറയുന്നയതു ഒരു കുട്ടിയുടെ കൗതുകത്തോടെ ശ്രദ്ധിച്ചു അഭിനയിക്കുന്ന ആള്‍ .കിട്ടിയ രംഗം നന്നായി പൊലിപ്പിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച ആവേശം ,ആത്മാര്‍ത്ഥത..എന്നെ ആകര്‍ഷിച്ചു.
നടനെന്ന നിലയില്‍ മലയാളസിനിമ അദ്ദേഹത്തിന്റെ കഴിവുകളെ കണ്ടെത്താന്‍ വളരെ വൈകിപ്പോയി എന്നാണു എന്റെ അഭിപ്രായം.പ്രധാന വില്ലന്റെ ഗുണ്ടാസംഘത്തിലെ സ്ഥിരം ഇടിമല്ലന്‍ .. .അല്പം ബലാല്‍സംഘം.. ഷര്‍ട്ടിന്റെ മുകളിലെ ബട്ടനൂരി നെഞ്ചിലെ മസില്‍ പ്രത്യേകം കാണിച്ചിരിക്കും-നസീറിന്റെ
കാലത്തു ഇതായിരുന്നു യോഗം.ഈയടുത്തകാലത്താണു അദ്ദേഹത്തിലെ ഹാസ്യനടനെ മലയാളം കണ്ടെത്തിയത്‌.
എന്നാല്‍ തമിഴ് സിനിമ ഹനീഫക്കയിലെ നടനേയുമെഴുത്തുകാരനേയും സംവിധായകനേയും വേഗത്തില്‍ കണ്ടെത്തി അംഗീകരിച്ചു.തമിഴകത്തെ ഇളക്കിമറിച്ച കരുണാനിധി തന്റെ തിരക്കഥക്കു രംഗഭാഷ്യമൊരുക്കാന്‍ ഒന്നിലധികം തവണ ക്ഷണിച്ചതു ഹനീഫക്കയെയായിരുന്നു.
ഇവിടെ ഹാസ്യത്തില്‍ ടൈപ്പായി തളച്ചിടപ്പെട്ടപ്പോള്‍ മഹാനദിയില്‍ ക്രൂരനായ വില്ലന്‍ വേഷം കൊടുത്ത്‌ കമല്‍ വേറിട്ടൊരു കാഴ്ച നല്‍കി.വാല്‍സല്യം പോലുള്ള നല്ലൊരു സിനിമ നല്‍കിയ ഒരാള്‍ക്കു പിന്നീടു വേണ്ടത്ര സംവിധാന അവസരമേ നല്‍കിയില്ല നമ്മള്‍ .ഒരു പ്രതിഭ മറഞ്ഞു പോകുമ്പോഴാണു,നാമവരെ വേണ്ടത്ര മനസ്സിലാക്കിയില്ല,ഉപയുക്തമാക്കിയില്ല എന്ന കുറ്റബോധം നമ്മെ പിന്തുടരുന്നത്‌.... ഇന്നും മൊബൈല്‍ അടിക്കുമ്പോല്‍ അതു ഹനീഫക്കയാവണേ..എന്നാശിച്ചു പോകുന്നു..നാളെയല്ല വരേണ്ടത് ..ഇന്ന്‌.. ഇപ്പോള്‍ ..അനുഗ്രഹമായി എന്റെ ചുറ്റും..ഞാന്‍ കാത്തിരിക്കും.

Thursday, February 4, 2010

അപകടം

പുക വലിക്കരുത്‌....
അപകടമാണു ആരോഗ്യത്തിന്‌
പക പടര്‍ത്തരുത്‌...
അപകടമാണ്‌ ആനന്ദത്തിന്‌...
പകയുടെ പുകപടരുമ്പോള്‍
ആനന്ദിക്കുവത്‌ ..
അപകടകരമായ ആരോഗ്യമല്ലേ ...?

Tuesday, February 2, 2010

സുഹ്രുത്തെ..

മരണം ഒരു സ്വകാര്യം പോലെ വന്നെത്തുകയായി...
കിഴക്കോട്ടോ പടിഞാട്ടോ തിരിയാന്‍ നിവര്‍ത്തിയില്ല..
വടക്കുനിന്നോ തെക്കു നിന്നോ ഒരാശ്വാസമില്ല..
അതൊരു ചുറ്റപ്പെട്ട ദുരന്തം പോലെ അത്ര അടുത്തു വന്നു കഴിഞ്ഞു..
മരണം കാമുകിയുടെ ചുംബനം പോലെ
ശീതളിമ പരത്തി പൂങ്കാറ്റുയര്‍ത്തി'
ഒരു മര്‍മ്മരം പോലെ വരികയായി..
ഒറ്റയടിവെച്ചു ഒരു നോവിന്റെ സൂചനപോലുമില്ലാതെ
അതു വന്നു കണ്ണുപൊത്തുന്ന സമയം
ഇതാ സമാഗതമായി..
ഓടി ഒളിക്കാനിടമില്ലാതെ കരയാന്‍ മറന്നു പോയി
ഞാനിതാ അതിന്റെ ചരടില്‍ കുടുങി പിടയാന്‍ തുടങുകയായി.
സുഹ്റുത്തെ..അവസാനമായി ഞാനെന്തു പറയാന്‍
ഒരു നേരമ്പോക്കിന്റെ വ്യര്‍ത്ഥതപോലുമല്ലാതെ
വെറുതെ കൊഴിഞ്ഞു പോയ ഒരു പാഴ്കിനാവ്‌..
സുഹ്രുത്തെ..എന്തുപറയാന്‍
സ്നേഹത്തെ തൊടാന്‍ ശ്രമിച്ചു വെറുപ്പിനെമാത്രം
എന്നും കണ്ടുമടങിയ ഒരു പാവം പഥികന്‍ ...
സുഹ്റുത്തെ..............

Monday, February 1, 2010

എഴുതാത്തതെന്തെ...

എഴുതാത്തതെന്തേ..
മനസ്സരിഞുണക്കുന്ന വേദനകളുടെ പാടം കടന്നിട്ടും
എഴുതാത്തതെന്തെ...
ചോദ്യങള്‍ ....?
മൗനം കുത്തി പിളറ്ന്നിട്ടും
നോട്ടങല്‍ ഊഷരതകല്‍ താണ്ടിയിട്ടും..
എഴുതാത്തതെന്തെ..
എന്തെ..
ചോദ്യങള്‍ ..?
മരണങല്‍ കൈകാലിട്ടടിച്ചിട്ടും
നിര്‍വ്യാജമായ സ്നേഹം കെട്ടി തൂങി ചത്തിട്ടും..
എന്തിനാ എഴുതാന്‍ വൈകുന്നേ ....
ഉത്തരങളില്ലാതെ മിഴിച്ചിരുന്നു ഞാന്‍‌ ..
.... ..... .... ...
പൂര്‍ണ്ണത വ്യഭിചരിക്കാനിറങിയ വഴിയില്‍ വെച്ചു..
സത്യസന്ധത എന്നോട് വീണ്ടും ചോദിച്ചു...
എഴുതാന്‍ വൈകുവതെന്തേ.....
ഉത്തരമില്ത്ല്ലാത്തതെന്തെ..?
നടുനീര്‍ക്കാത്തതെന്തെ..?
കണ്ണുകള്‍ കത്താത്തതെന്തെ..?
നാവുകള്‍ നീറുന്ന യാഥാര്‍ത്ഥ്യം രുചിക്കാത്തതെന്തെ.?
ചോദ്യങള്‍ക്കപ്പുറം കാണാത്തതെന്തെ..?
ആത്മാവു നാണത്തോടെ ചോദിച്ചു..
വിഡ്ഡീ....നിര്‍ത്തിക്കൂടെ
ദിനം തോറും തുടരുന്ന ഈ ജീവിതാഭാസം..!

Friday, January 29, 2010

ചുവപ്പ്

ഇനി എന്താണ്‌ ചെയ്യുക ...!
തലപുണ്ണായാലോചിചു സഖാക്കള്‍....!
കൊടിയുടെ ചുവപ്പു കുറച്ചു കൂടി കൂട്ടിയാലോ..
കൊടിയില്‍ നിന്നും അരിവാളെടുത്ത്‌
ഒന്നു കൂടി മൂര്‍ച്ചവെച്ചലോ..
സഖാക്കള്‍ ചിന്തയിലാണ്‌...
പാര്‍ലിമെന്ററിമോഹം പാടില്ല..
ദൈവവിശ്വാസം അരുതേ.. അരുത്‌. കമലാക്ഷികളുടെ കടാക്ഷം കഠാരപൊലെ സൂക്ഷിക്കണം.
മുതലാളിത്ത പ്രലോഭനം
പാവാടഞൊറികല്‍ പോലെ മാടി വിളിക്കുന്നു.
ഇനി എന്താണു ചെയ്യുക..?
ചെങരയിലെ മരചില്ലകളില്‍ മണ്ണെണ്ണതൂകി...
നന്ദിഗ്രാമിലെ പാടത്ത്‌ വെടിക്കറ പുരട്ടി,
മൂന്നാറിലെ കോണ്‌ക്രീറ്റ് പൊട്ടിച്ചെടുക്കാവുന്നതാണോ വിപ്ലവം..!
സഖാക്കള്‍ ചിന്തയിലാണ്‍....

Monday, January 25, 2010

kannimazha

kannimzha neram manninte gandham

madhabhavam.. madhupooritham

chillakalil balyathin neerattu....