Sunday, December 2, 2012

അവളോട്‌ ..


അവളോട്‌ ..
...........................
കടല്‍ മണ്ണിലെഴുതി  അവളെക്കുറിച്ച് ...
തിരവന്നു മായ്ച്ചു കുലുങ്ങി ചിരിച്ചു ...
എന്‍ രഹസ്യം കവര്‍ന്നൊരു കള്ളീ ..
നിന്‍ തിരമാല ചാര്‍ത്തില്‍ അലതല്ലുന്നിപ്പോള്‍
അവളോടെനിക്കുള്ള  അടങ്ങാത്ത പ്രണയം

Tuesday, November 27, 2012

അനന്തം ..




അനന്തമായഒരു  സംശയം
അത് പിശാചാണ് ...
അനന്തമായ ഒരു ഉത്തരം
അത് ദൈവമാണ് ...
അനന്തമായ ഒരു കണ്ണീര്
അത് രണ്ടിനുമിടയിലെ
സൃഷ്ടികള്‍ ...
പുഞ്ചിരി മാലാഖ.. .
നെടുവീര്‍പ്പ് കാറ്റ്...
ദുഖം കാര്‍മേഘം ..
പിന്നെ ഒറ്റ ഇടിമിന്നലാല്‍
ആകാശവും ഭൂമിയും ഒന്നിക്കുന്ന
മഹാത്ഭുതം സ്നേഹം ...

Monday, November 26, 2012

ശ്മശാനം ..



................................
എന്റെ സ്വപ്നത്തെ നിന്റെ മൌനം കൊണ്ട്
നീ കീറരുത്...
എന്റെ ദര്‍ശനത്തെ നിന്റെ കണ്ണീരിനാല്‍
തടയിടരുത് ..
മോഹങ്ങളുടെ അണലി പാമ്പ് ഇഴയുന്നുണ്ട് ,
ഇപ്പോഴും നമ്മുടെ പ്രണയം കരിഞ്ഞ
വഴിയിടങ്ങളില്‍ ....
എന്റെ ജ്ഞാനത്തെ ദഹിപ്പിക്കല്ലേ
നിന്റെ യാഥാര്‍ത്ഥ്യങ്ങള്‍  കൊണ്ട് ...
നിന്റെ വാക്കിനാല്‍ തുരക്കല്ലേ
എന്റെ ബലഹീനതകളെ ...

എന്നെ തുറക്കാന്‍ നീ വേണം .
എന്റെ ശ്മശാനം
നിന്റെ മുടിയിഴക്കാടാണ്.

Monday, November 19, 2012

വഴികള്‍.......


അകലം അകത്തില്ല  നമ്മളെ,
അകത്തിരുന്നു നമ്മുടെ ആത്മാക്കള്‍ 
നിലവിളിക്കുമ്പോള്‍ ..
അടുപ്പം മടുപ്പിക്കില്ല നമ്മളെ ,
അകലങ്ങളിലേക്ക് സ്വപ്നം വിതറുന്ന 
നമ്മുടെ മിഴികളുള്ളപ്പോള്‍..
ഒടുക്കം പറയില്ല ജീവിതത്തില്‍,
ഒടുങ്ങാതെ നില്‍ക്കും നമ്മുടെ 
സ്നേഹമുള്ളപ്പോള്‍..
വിധിയെ തോല്പ്പിക്കാനാവണംനമുക്ക് 
വഴികളുണ്ടതിനു...
നമ്മുടേത്‌ മാത്രമായ വഴികള്‍.......

Wednesday, September 12, 2012

ഒഴിഞ്ഞ മുറി ...


ഒഴിഞ്ഞ മുറി ...
മരണം തപസ്സിരിക്കുന്ന കാടാണ് .
മുറിവുകളുടെ കാണാരക്തം
ചുമരുകളിലാകെ കട്ടകുത്തി ..
ഒഴിഞ്ഞ മുറി -അവസാനമായി
പിരിയുമ്പോള്‍ അവള്‍ പറഞ്ഞ വാക്കാണ്‌ .
അതിനു ചുറ്റും കടവാവലുകള്‍ ആര്‍ത്തു പറക്കുന്നു
.
എത്ര മാറാല കെട്ടിയിട്ടും അതിനുള്ളില്‍
ഒരു നിലവിളി മാത്രം ബാക്കിയായി .
ഒഴിഞ്ഞ മുറി
സത്യം ചോര്‍ന്നു പോയ എന്റെ രാജ്യമാണ് .
വാഗ്ദാനങ്ങളിലും കടങ്ങളിലും തൂക്കിനോക്കി
ദിനം പ്രതി അതിന്റെ മാംസം വില്‍ക്കപ്പെടുന്നു.
ഒഴിഞ്ഞ മുറി.. .
ദൈവത്തെ കാണാതെ തേങ്ങുന്ന എന്റെ ഹൃദയമാണ് .
സ്നേഹത്തിന്റെ തുള്ളി വെളിച്ചം ഇറ്റു വീഴുന്നതും കാത്തു
ഞാന്നീ ഒഴിഞ്ഞമുറിയില്‍ തനിയെ .
ഒഴിഞ്ഞ മുറി ..ഇനിയും ഒഴിയാതെ
 പിടിച്ചു നില്‍ക്കുന്ന  ഞാനാണ് .