Wednesday, March 6, 2013

ഒറ്റ വരി

ഒറ്റ വരിയില്‍
വരകളെല്ലാം നിറയണം.
വരങ്ങളെല്ലാം കിളിര്‍ക്കണം ..
ഒറ്റവരിയില്‌
മറയില്ലാതെ ദൈവത്തിന്റെ
മൊഴികളെല്ലാം നിറയണം...
ഒരൊറ്റ വരിയില്‍ തളിര്‍ക്കണം
മരണത്തിന്റെ നാണങ്ങലെല്ലാം
ജീവിതത്തിന്റെ നുണകളെല്ലാം ..
ഒരൊറ്റവരിയില്‌
ഇടിമിന്നല്‍ പോലെ നിറയണം
നിന്നിലുള്ള എന്നനുരാഗം..
ഒറ്റവരി കൊണ്ട്
കവക്കണം ഈരേഴു ലോകവും ..
ഒറ്റവരിയില്‍ ഉറഞ്ഞാടണം
എല്ലാ ആര്ത്തികളും ശാപങ്ങളും ..
ഒരൊറ്റവരിയില്‌ മരിക്കണം
എല്ലാ ആശകളും..
എല്ലാ മൌനവും പൊട്ടി ചിതറണം
ഒറ്റവരിയില്‍..
അതെ ..ഒറ്റവരി കൊണ്ട് എനിക്കവളെ തൊടണം .
ഒറ്റ കിനാവായി, ഒറ്റ മന്ദാരമായി
ഒരൊറ്റ..ഒറ്റ...
ഒറ്റ വരിയില്‍
ഒറ്റ ശ്വാസത്തില്‍
ഓംകാരമാകണം

Saturday, February 16, 2013

ഒരു രാത്രി

ഒരു രാത്രിയുടെ കറുപ്പിന്
അവളുടെ കരളിന്റെ അഴകായിരുന്നു.
എന്റെ കാമത്തിന് പെയ്തിരങ്ങാനുള്ള
കാര്‍മേഘം ആ കണ്‍തടതിലുണ്ടായരുന്നു .
ഉപ്പുരസമാര്‍ന്ന അവളുടെ തൊലിയില്‍
ഏഴു സാഗരവും അലയടിച്ചു
സ്വര്‍ഗത്തെ വിളിച്ചുണര്‍ത്തുന്നുണ്ടായിരുന്നു .
ഒരു കനവു കട്ട് കൊണ്ട് പോയ
കള്ളനെ അവളുടെ നുണക്കുഴിയില്‍ നിന്നും
ഞാന്‍ വലിച്ചെടുത്തു

Sunday, February 3, 2013

കൂട്ട്.. .



..................
 സ്വപ്നങ്ങളെ ഇറുത്ത്  വെക്കാന്‍  
അവളുടെ കവിളിനെ
ഞാന്‍ കടം വാങ്ങി .
പാപങ്ങളെ ഒളിപ്പിച്ചുവെക്കാന്‍
അവളുടെ കണ്കളിലെ
നനവിനെ ഞാന്‍ പകര്‍ത്തിയെടുത്തു .
എന്നെ ഒളിപ്പിച്ചു വെക്കാന്‍
അവളുടെ ആത്മാവിന്റെ
ഗുഹകളെ ഞാന്‍ തേടിച്ചെന്നു .
ദൈവത്തെയും സ്വര്‍ഗത്തെയും
കാണാനുള്ള യാത്രയില്‍
ഇപ്പോഴും  അവളുടെ
പരാതികളാണ് എനിക്ക് കൂട്ട് .      

Friday, January 25, 2013

തൊട്ടത്‌.. ..............




അനന്തതയെ ഞാന്‍ തൊട്ടത്‌
നിന്റെ ചുണ്ടിലൂടെയായിരുന്നു  .
കൊടും തീയെ പുണര്‍ന്നത്‌
നിന്റെ പ്രണയം എന്റെ നെഞ്ചില്‍ പടര്ന്നപ്പോളാണ്.
ദുഖത്തിന്റെ എറ്റവും
 കറുത്ത പൊട്ടു   ഞാനെടുത്തത്
നിന്റെ കണ്ണിന്റെ ആഴങ്ങളില്‍
നിന്നായിരുന്നു
ഒന്നും പറയാതെ മറന്നു പോയ
എന്റെ മൌനം
ഇന്നെന്നെ തേടി വീണ്ടും
വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു.  

Sunday, December 2, 2012

അവളോട്‌ ..


അവളോട്‌ ..
...........................
കടല്‍ മണ്ണിലെഴുതി  അവളെക്കുറിച്ച് ...
തിരവന്നു മായ്ച്ചു കുലുങ്ങി ചിരിച്ചു ...
എന്‍ രഹസ്യം കവര്‍ന്നൊരു കള്ളീ ..
നിന്‍ തിരമാല ചാര്‍ത്തില്‍ അലതല്ലുന്നിപ്പോള്‍
അവളോടെനിക്കുള്ള  അടങ്ങാത്ത പ്രണയം

Tuesday, November 27, 2012

അനന്തം ..




അനന്തമായഒരു  സംശയം
അത് പിശാചാണ് ...
അനന്തമായ ഒരു ഉത്തരം
അത് ദൈവമാണ് ...
അനന്തമായ ഒരു കണ്ണീര്
അത് രണ്ടിനുമിടയിലെ
സൃഷ്ടികള്‍ ...
പുഞ്ചിരി മാലാഖ.. .
നെടുവീര്‍പ്പ് കാറ്റ്...
ദുഖം കാര്‍മേഘം ..
പിന്നെ ഒറ്റ ഇടിമിന്നലാല്‍
ആകാശവും ഭൂമിയും ഒന്നിക്കുന്ന
മഹാത്ഭുതം സ്നേഹം ...

Monday, November 26, 2012

ശ്മശാനം ..



................................
എന്റെ സ്വപ്നത്തെ നിന്റെ മൌനം കൊണ്ട്
നീ കീറരുത്...
എന്റെ ദര്‍ശനത്തെ നിന്റെ കണ്ണീരിനാല്‍
തടയിടരുത് ..
മോഹങ്ങളുടെ അണലി പാമ്പ് ഇഴയുന്നുണ്ട് ,
ഇപ്പോഴും നമ്മുടെ പ്രണയം കരിഞ്ഞ
വഴിയിടങ്ങളില്‍ ....
എന്റെ ജ്ഞാനത്തെ ദഹിപ്പിക്കല്ലേ
നിന്റെ യാഥാര്‍ത്ഥ്യങ്ങള്‍  കൊണ്ട് ...
നിന്റെ വാക്കിനാല്‍ തുരക്കല്ലേ
എന്റെ ബലഹീനതകളെ ...

എന്നെ തുറക്കാന്‍ നീ വേണം .
എന്റെ ശ്മശാനം
നിന്റെ മുടിയിഴക്കാടാണ്.