Thursday, March 20, 2025

ചിറകുകൾ .

 സ്വപ്നങ്ങളുടെ ചിറകുകൾ എന്തുകൊണ്ടാകാം 

ഉണ്ടാക്കിയിരിക്കുന്നത് ?

കുനു കുനെ പൂക്കുന്ന നൊമ്പരങ്ങളെ കൊണ്ടാകുമോ ?
നഷ്ടപ്പെടുന്ന പ്രതീക്ഷകളുടെ അഴിയാ ചങ്ങലകളെ കൊണ്ടാകുമോ ?
കണ്ണ് പൊത്തി കളിക്കുമ്പോൾ നിന്നിൽ അറിയാതെ വിടരുന്ന 
നുണക്കുഴി പൂത്തിരി കൊണ്ടാകുമോ ?

സ്വപ്നങ്ങളുടെ ചിറകുകൾ എന്തുകൊണ്ടാകാം ?

മിണ്ടാതെ അടയിരിക്കുന്ന അവളുടെ 
പരിഭവങ്ങൾ കൊണ്ടാകുമോ ?

എന്തുകൊണ്ടാകാം ?
അസുലഭമെന്നോർത്തു അനുദിനം നഷ്ടപ്പെടുന്ന 
കനിവിന്റെ തരികൾ കൊണ്ടാകുമോ ?
സ്വപ്നങ്ങളുടെ ചിറകുകൾ എന്തുകൊണ്ടാകാം ?

നിരാസം .

 അതുല്യമായ ഒരു നിരാസം എന്നിൽ സംഭവിച്ചിട്ടുണ്ട് .

അതി പുരാതനമായ നിത്യ നൂതനത്വം തുളുമ്പുന്ന 
ഒരു വിരക്തി എന്നിൽ അടിഞ്ഞു കൂടി കിടക്കുന്നുണ്ട് .
അരുതാത്തതെന്നു കരുതാവുന്ന ഒരു 
വിപ്രതിപത്തി എന്നിൽ തികട്ടി തികട്ടി വരുന്നുണ്ട് .
അഗാധതകളിൽ തട്ടി തടഞ്ഞു വീണിടത്തു 
കിടന്നൊച്ചവെക്കുന്നുണ്ട് എന്റെ പ്രണയങ്ങൾ .
ആരുണ്ട് കാക്കാൻ ആരുണ്ട് നോക്കി നിൽക്കാൻ 
ആരുണ്ട് മനസ്സിലാക്കി അരുമയോടെ അടുപ്പിച്ചു നിർത്താൻ ..
ഒരു വകഭേദമില്ലാത്ത ഒരു വകതിരിവ് 
എന്നെ തേടി വരുന്നുണ്ട് തീർച്ച .
ഞാൻ കാത്തിരിക്കയാണ് 
കിനാവിൽ നിന്നൂറും തേൻ നുകരാൻ .
കണ്ണീരിൽ വിടരുന്ന പൂക്കാലം കാണാൻ .
 അതിവിദൂരമല്ലാത്ത ഒരു കാഴ്ച്ച 
എന്നെ മാടി വിളിക്കുന്നുണ്ട്.
ഞാൻ വരട്ടെ !

Wednesday, March 19, 2025

കാത്തിരുപ്പ്

 ഒരു കിനാവിന്റെ കഷണം മാത്രമല്ലേ ഞാൻ ചോദിച്ചത് .

ഒരു നിറമിഴി കനവല്ലേ ഞാൻ ചോദിച്ചത് ?
ഒരു പതിരില്ലാ കനവല്ലേ ഞാൻ ചോദിച്ചത് ?എന്നിട്ടും പകരം ?
നിർത്തിയിടത്തു നിന്നും തുടങ്ങാനാവാതെ പകച്ചു നിന്നു സ്നേഹം .
നിർലജ്ജം വലിച്ചെറിഞ്ഞ വാഗ്ദാനങ്ങൾ 
പടിവാതിൽക്കൽ വന്നു അലമുറകരയുന്നു.
ഇനിയും പിടി തരാതെ 
വഴുതുന്ന എന്നെ ഇനി എന്നാണു ഞാൻ തിരിച്ചു പിടിക്കുക ?

അഗാധമെന്നു വേണമെങ്കിൽ പറയാവുന്ന ഒരു മൗനം 
എന്നെ തേടി വരുന്നില്ല എന്ന് പറയരുത് .
ഒരു വിടര,ഒരു പുലരി,
ഒരു സങ്കീർത്തനം പോലുള്ള ഒരു തലോടൽ -
ഞാൻ കാത്തിരിക്കയാണ് . 

നിശ്ചിതം .

 ഒരു നിശ്ചിത ദൂരം കടക്കാനായിരുന്നു പ്ലാൻ .

കൃത്യമായി അളന്നു തിട്ടപ്പെടുത്തിയ 
അടയാളം വെച്ചുള്ള കൃത്യമായ ദൂരം .
എന്നിട്ടും ഒരു  കാൽപിഴയാലോ 
കൺപിഴയാലോ നിശ്ചിതം എപ്പോഴും 
അനിശ്ചിതത്വത്തിലും ,
അളവുകൾ അലങ്കോലമായും കാണപ്പെട്ടു .

സ്വപ്‌നങ്ങൾ ഒരു നിശ്ചിതം 
പ്രണയം ഒരു നിശ്ചിതം 
കാമം ഒരു നിശ്ചിതം 
തെന്നി പോകുന്ന സ്നേഹങ്ങൾ ഒരു നിശ്ചിതം .
എന്നിട്ടും അനിശ്ചിതാവസ്ഥയിൽ 
വേവലാതിപ്പെട്ടു തീരുന്നു മനസ്സ് .

എനിക്കു ചുറ്റാൻ ഉടയാട തീർക്കാൻ 
വ്യർത്ഥതകൾ ഔൽസുക്യം കാണിച്ചു .
എനിക്ക് ചുറ്റും വട്ടം 
പറക്കാൻ സദാചാര നിശാചരർ ഉത്സാഹം കാട്ടി .
എന്നിട്ടും എന്നിട്ടും ജീവിതം   പിടഞ്ഞു പിടഞ്ഞു 
തീരുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു 
എന്തിനായിരുന്നു  നീക്കി വെച്ചത് അവസാന അത്താഴം ?

അതാര്യമായ ഒരു സുവിശേഷമാണ് 
ഈ അന്ത്യ നിമിഷത്തിൽ കൂട്ടിനു വരിക.
 .യാഥാർഥ്യങ്ങൾ വാചാലമായി എന്നെ ഒറ്റപ്പെടുത്തുകയാണല്ലോ .
ദൈവ വചനങ്ങളിൽ ഒന്നിൽ പോലും 
എന്റെ അശാന്തിക്കുള്ള മരുന്ന് കരുതിയിട്ടില്ലല്ലോ .!
ഇനി വരും നാളുകളിൽ  അണിയാൻ ഉടയാട തിരയേണ്ടത് 
എന്റെ മൗനം കൊണ്ടാകുമോ ?

Sunday, March 16, 2025

എന്തുത്തരം

 എന്തുത്തരം ?

ചോദ്യങ്ങൾ ശവപ്പെട്ടിയിൽ കിടന്നു മവിക്കുമ്പോൾ ..
ഒരിടത്തു പിടഞ്ഞു വീഴും ദുരിതങ്ങൾക്കു 
മറുലോകം എവിടെ?
നിദ്രകളിലാഴ്ന്നാഴ്ന്നു പുൽകി മറയുകയാണോ 
നിരന്തരമായ തേടലുകൾ ?
അന്നും ഇന്നും എന്നും ഒരു കവചമായി കരുതിയ 
കിനാവുകൾ ഇന്നെവിടെ ?
നിരാലംബതകളുടെ അസ്തമയ സൂര്യനെ
 തിരിച്ചു പിടിക്കാൻ 
ഞാനെന്തു ചെയ്യണം ?
ഒരു വേള  ഒന്നും കരുതിയതില്ലാതെ 
എങ്ങോ മറഞ്ഞ സ്വപ്‌നങ്ങൾ 
എന്നെ സന്ദർശിക്കാൻ വീണ്ടും വരുമായിരിക്കാം .
അഗാധമെന്നു കരുതാവുന്ന ഒരു വാക്ക് 
അത് ഇനിയും ഉണ്ടാവാത്തതെന്തേ ?
നരകവാതിൽ തല്ലി തുറന്ന് സ്വർഗ്ഗത്തിന്റെ ഒരു ശീതള കാറ്റു 
എന്നെ തലോടി ഉണർത്താൻ ഇനിയും വരാതിരിക്കുമോ ?

വിധി

 ഒരു നിലവിളിയായി തീരാനായിരുന്നു ആ പ്രണയത്തിന്റെ വിധി .

ഒരു ദിക്കിലും അതൊന്നും സവിശേഷമായി അടയാളപ്പെടുത്തിയില്ല .

ഒരു തീരാത്ത കിനാച്ചോർച്ച യാകാനായിരുന്നു ആ പ്രണയ വിധി .

നിസ്തർക്കം ന്യായം വിധിക്കാൻ നിങ്ങളതിനു ചുറ്റും വട്ടമിടേണ്ട .

ഒരു ത്യാഗിയുടെ അസാന്നിദ്ധ്യത്തിനു നിങ്ങൾക്കു 

കളിക്കാനിടം അത് നീക്കിവെച്ചിട്ടുണ്ട് 

Saturday, March 15, 2025

മരണം -

 മരണം ഒരു സ്വകാര്യമാണ്. 
ദൈവം ആത്മാവിനോട് മന്ത്രിക്കുന്ന പരമ രഹസ്യം .
മരണം, ആർദ്രം ഒരു ചുംബനമാണ് .
നിതാന്ത ജാഗ്രത അതിന്റെ അടിവേരാണ് .
നിറഞ്ഞ ഒരു കിനാവാണ്‌ മരണം .
എന്തെന്തു മായിക ഭാവങ്ങൾ ക്ഷണ നേരം കൊണ്ടവിടെ മാറി മറയുന്നു .
മരണം ഒരു നുണയാണ് .
ജീവിതം അനന്തതയോടു പറയുന്ന നുണ .
മറന്നു പോകാവുന്ന ഒരു തീർച്ചപ്പെടുത്തൽ അതിനുണ്ട്.
കടന്നു പോകാവുന്ന ഒരു നിർദ്ദയത്വം അതിനുണ്ട് .
അതിരറ്റ വാത്സല്യം അതിൽ അന്തര്ലീനമാണ് .
അതിരുകൾക്കു മറക്കുവാനാവാത്ത ഒരു വേദന അതിൽ ഖനീഭൂതമാണ് .
മരണം അത്യന്തം ഒരു ദൃഷ്ടാന്തമാണ് .
നിരന്തരമായ വേട്ടയാടലിനു ശേഷം ഒരിരയും കയ്യിൽ തടഞ്ഞില്ലല്ലോ എന്ന ഖേദം .
അനവരതം പരതി നടന്നത് പതിരുകൾ ചികയൽ മാത്രമായിരുന്നല്ലോ എന്ന കേഴൽ .

മരണം ഒരു ദുർബ്ബലതയാണ് .
അസഹനീയമായ അപമാനമാണ് .
ഓർത്തു വെക്കാനായി ഒന്നും അവശേഷിക്കാത്ത ഒരു അസംബന്ധ സ്വപ്നം .

ഒരു വേള

ഒരു വേള ഒരു നിദ്രതകൾക്കും നിന്നോടത് പറയാനാവില്ല .

മരണത്തിന്റെ വളഞ്ഞു പിളഞ്ഞു വഷളായ വസന്ത രാഗങ്ങൾ .
ഒരു വേള നിശൂന്യമായ ഒരാർത്ത നാദം മാത്രമായിരിക്കും. 
നമ്മുടെ ദുരന്തങ്ങളുടെ ഏക സാക്ഷി .
ഒരു വേള ഒരു വേള നിറയാതെ നിറഞ്ഞ ഒരു ചതി പ്രയോഗമാകാം 
നമ്മെ അവിരാമം വേട്ടയാടുന്നത് .
അറിഞ്ഞില്ലെന്ന് ഇനി പറയാനാവില്ല 
അതിരു കടന്നെന്നും ഇനി ആവില്ല ..
എല്ലാം ഒഴിഞ്ഞു നഷ്ടമായി നിരാലംബമായി സുഹൃത്തേ ,,

എന്നെ തൊടാനിനിയും നിനക്കായില്ലല്ലോ യെന്നു 

ഒരു പിശാച് വന്നു എന്നിലെ ദൈവത്തോട്  ചോദിച്ചു.
അരികു വൽക്കരിക്കപ്പെട്ട ഒരു ദേവ സങ്കീർത്തനം 
ആരാരും കേൾക്കാതെ നിന്റെ ചെവിയിൽ ഞാൻ മൊഴിയാം .
ആരുണ്ടിനിയും തടുക്കാൻ ഒടുക്കത്തെ തലയറുക്കപ്പെട്ട 
എന്റെ മോഹങ്ങളെ  !
നിദ്ര വിട്ടൊഴിഞ്ഞു ഞാൻ  വിളിച്ചിടത്തൊക്കെ വരാൻ 
റെഡിയായി അവൾ നിന്നു .
എനിക്ക് നാണം വിരിയുന്നതിപ്പോൾ അറ്റം കാണാത്ത 
ജീവിത കുടിശശിക തീർക്കാൻ കഴിയാത്തതിലല്ല ,
അതിർത്തി ഭേദിച്ച നിസ്തുല രാഗ വിഭാതങ്ങളുടെ വിങ്ങലിലാണ് .