മരണം -
മരണം ഒരു സ്വകാര്യമാണ്.
ദൈവം ആത്മാവിനോട് മന്ത്രിക്കുന്ന പരമ രഹസ്യം .
മരണം, ആർദ്രം ഒരു ചുംബനമാണ് .
നിതാന്ത ജാഗ്രത അതിന്റെ അടിവേരാണ് .
നിറഞ്ഞ ഒരു കിനാവാണ് മരണം .
എന്തെന്തു മായിക ഭാവങ്ങൾ ക്ഷണ നേരം കൊണ്ടവിടെ മാറി മറയുന്നു .
മരണം ഒരു നുണയാണ് .
ജീവിതം അനന്തതയോടു പറയുന്ന നുണ .
മറന്നു പോകാവുന്ന ഒരു തീർച്ചപ്പെടുത്തൽ അതിനുണ്ട്.
കടന്നു പോകാവുന്ന ഒരു നിർദ്ദയത്വം അതിനുണ്ട് .
അതിരറ്റ വാത്സല്യം അതിൽ അന്തര്ലീനമാണ് .
അതിരുകൾക്കു മറക്കുവാനാവാത്ത ഒരു വേദന അതിൽ ഖനീഭൂതമാണ് .
മരണം അത്യന്തം ഒരു ദൃഷ്ടാന്തമാണ് .
നിരന്തരമായ വേട്ടയാടലിനു ശേഷം ഒരിരയും കയ്യിൽ തടഞ്ഞില്ലല്ലോ എന്ന ഖേദം .
അനവരതം പരതി നടന്നത് പതിരുകൾ ചികയൽ മാത്രമായിരുന്നല്ലോ എന്ന കേഴൽ .
മരണം ഒരു ദുർബ്ബലതയാണ് .
അസഹനീയമായ അപമാനമാണ് .
ഓർത്തു വെക്കാനായി ഒന്നും അവശേഷിക്കാത്ത ഒരു അസംബന്ധ സ്വപ്നം .
No comments:
Post a Comment