ഒരു നിശ്ചിത ദൂരം കടക്കാനായിരുന്നു പ്ലാൻ .
കൃത്യമായി അളന്നു തിട്ടപ്പെടുത്തിയ
അടയാളം വെച്ചുള്ള കൃത്യമായ ദൂരം .
എന്നിട്ടും ഒരു കാൽപിഴയാലോ
കൺപിഴയാലോ നിശ്ചിതം എപ്പോഴും
അനിശ്ചിതത്വത്തിലും ,
അളവുകൾ അലങ്കോലമായും കാണപ്പെട്ടു .
സ്വപ്‌നങ്ങൾ ഒരു നിശ്ചിതം
പ്രണയം ഒരു നിശ്ചിതം
കാമം ഒരു നിശ്ചിതം
തെന്നി പോകുന്ന സ്നേഹങ്ങൾ ഒരു നിശ്ചിതം .
എന്നിട്ടും അനിശ്ചിതാവസ്ഥയിൽ
വേവലാതിപ്പെട്ടു തീരുന്നു മനസ്സ് .
എനിക്കു ചുറ്റാൻ ഉടയാട തീർക്കാൻ
വ്യർത്ഥതകൾ ഔൽസുക്യം കാണിച്ചു .
എനിക്ക് ചുറ്റും വട്ടം
പറക്കാൻ സദാചാര നിശാചരർ ഉത്സാഹം കാട്ടി .
എന്നിട്ടും എന്നിട്ടും ജീവിതം പിടഞ്ഞു പിടഞ്ഞു
തീരുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു
എന്തിനായിരുന്നു നീക്കി വെച്ചത് അവസാന അത്താഴം ?
അതാര്യമായ ഒരു സുവിശേഷമാണ്
ഈ അന്ത്യ നിമിഷത്തിൽ കൂട്ടിനു വരിക.
.യാഥാർഥ്യങ്ങൾ വാചാലമായി എന്നെ ഒറ്റപ്പെടുത്തുകയാണല്ലോ .
ദൈവ വചനങ്ങളിൽ ഒന്നിൽ പോലും
എന്റെ അശാന്തിക്കുള്ള മരുന്ന് കരുതിയിട്ടില്ലല്ലോ .!
ഇനി വരും നാളുകളിൽ അണിയാൻ ഉടയാട തിരയേണ്ടത്
എന്റെ മൗനം കൊണ്ടാകുമോ ?
No comments:
Post a Comment