ഒരു വേള നിദ്ര വലിച്ചെറിയുന്ന
അവശിഷ്ടം ആകാം നാമൊക്കെ.
ഒരു വേള ഏതോ പിരാന്തന്റെ പിറകുറുക്കൽ ആകാം
നമ്മുടെ സനാതനമെന്ന് കെട്ടിപ്പിടിക്കുന്ന
മൂല്യബോധങ്ങൾ ഒക്കെ.
ഒരു കൺപീലി വെട്ടത്തിൽ കൊഴിയുന്നതാകാം
നമ്മുടെ സിന്ദൂരം അണിയിച്ചു കൊണ്ടാടി
നടക്കുന്ന പാതിവൃത്യ ബോധം പോലും.
ഒരു നിമിഷത്തിൽ നമ്മെ ബാധിക്കുന്ന അടിമബോധത്തെ
നാമിനി എന്തു പേരിട്ടു വിളിക്കും?.
കിനാവിന്റെ എല്ലാ വള്ളികളിലും ചുറ്റിയ സർപ്പത്തിന്
ഈയിടെയായി നിന്റെ സീൽക്കാലമാണ് ലഭിച്ചിരിക്കുന്നത്.
അത്യഗാധമായ ഒരു അജ്ഞതയിൽ തലതല്ലി മരിച്ചു
എന്റെ ആവേശ പടഹധ്വനികളെല്ലാം.
ഇനിയും പുറപ്പെടാൻ ആവാത്ത എന്റെ പ്രയാസങ്ങളെ,
പ്രതിഭാസങ്ങളെ നിങ്ങൾ എന്നെങ്കിലും
പുറപ്പെടും വേളയിൽ എന്നെ ഒന്ന് അറിയിക്കുക.
അപ്പോഴേക്കും ജീവനോടെ ഞാൻ ഉണ്ടാകാനായാൽ സമാധാനം.
ഒരുതരി സ്നേഹം കിട്ടാൻ നിന്റെ ജന്മത്തിന്റെ
പടിവാതിൽക്കൽ എത്ര തല തല്ലിയിരുന്നു യാചിച്ചു.
ഒരു മോഹം നീ ഇട്ടുതന്നതിന് ഉത്തരവാദി
അല്ലെന്ന് പിന്നെനീ കയ്യൊഴിഞ്ഞു.
എന്നെ ഒഴിഞ്ഞ ഒരു തീ ഭരണിയിലാക്കി നീ നിലനിർത്തി.
No comments:
Post a Comment