Tuesday, April 29, 2025

നിശ്ചയം

 നിശ്ചയമായും ആകെ നിശ്ചയം 

അവൾ മാത്രമാണ്.     

 തേടിയലഞ്ഞ ഏറ്റവും അഴകുള്ള ഇടം.    

  കുളിരുള്ള ഇടം. 

 കവിത നിറയുന്നിടം.   

   അതുല്യമായ കിനാവുകൾ 

വിരാജിക്കുന്ന സ്ഥലം.   

  അത് അവൾ മാത്രമാണ്. 

നിറയെ നിറയെ എന്നെ

 പൂർത്തീകരിക്കുന്നത് ആ 

സാമീപ്യമാണ്, ആ ചിന്തയാണ്.    

  അവളെ ഓർക്കുമ്പോൾ മാത്രം പൂർണ്ണത

 കിട്ടുന്ന ഒരു അപൂർണ്ണതയാണ് ഞാൻ.   

  ഒരു ദിവാസ്വപ്നമോ ഒരു കിട്ടാക്കനിയോ, 

ഒരു നിറദീപസൗരഭ്യമോ മാത്രമല്ല 

അവൾ എനിക്ക്.  

ഓരോ നിമിഷവും ഊറി നിൽക്കുന്ന 

ജീവചൈതന്യ രശ്മി. 

കണ്ണിലും മനസ്സിലും ചുറ്റിലും ഉള്ളിലും 

പരിലസിക്കുന്ന ആത്മസൗരഭ്യ 

പൂരിതമായ മോക്ഷസ്ഥലി.


Thursday, April 24, 2025

കൂട്

 ഒഴിഞ്ഞു കിടന്ന ഒരു ഏട്.  

   നിരർത്ഥകതയുടെ കൂട്.       

   നിരന്തരം വേട്ടയാടിയെ കിനാവ്.     

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട കണ്ണീര്.    

    നിർത്താതെ പെയ്യുന്ന മഴയിൽ 

ഒരു സ്വപ്നം നനയാതെ വിറച്ചിരിക്കുന്നു .  

അതുല്യമായ ഒരു മന്ദഹാസം 

നിരാസത്തിന്റെ മൂർദ്ധന്യത്തിൽ 

സംഭവിച്ചിരിക്കുന്നു.   

ഒരുവേള നിർത്താതെ പോയ ഒരു പ്രതീക്ഷ 

നിലവിളിയുമായി രാത്രി വീട്ടുമുറ്റത്ത്.  

 അറിഞ്ഞുകൂടാ എന്തിനെന്നും 

ഏതിനെന്നും ചൊൽ ക്കാഴ്ച്ചകൾ!.


അവസരം

 വീണുപോയ ഒരു അവസരം ആയിരുന്നു

 എന്ന് തീർച്ചയായും പറയാൻ കഴിയും.  

  നിതാന്ത ജാഗ്രതയോടെ ഞാൻ 

കാക്കേണ്ട ഒര വസരമായിരുന്നു അത്. 

നൂറായിരം കിനാവുകൾ ഊറ്റിയെടുത്താൽ

 പോലും കിട്ടാത്ത ഒര വസരം.!        

എന്നിട്ടും ഞാൻ എന്ത് ചെയ്തു എന്ന് നിങ്ങൾ ചോദിക്കരുത്. 

 അവസരോചിതമായി ഞാൻ ഒഴിഞ്ഞു മാറി. 

അകാലികമായി വരുന്ന ഒരു കാറ്റുവീഴ്ച 

പോലെ ഞാൻ അതിനെ ഒഴിവാക്കി.    

എടുത്തു ഉയർന്നു പോകാവുന്ന സുവർണ്ണ 

നിമിഷത്തെ ഞാൻ ഊതിക്കെടുത്തി.     

 എന്തിനെന്ന് നിങ്ങൾ ചോദിക്കും. ചോദിക്കണം.   

 നിരന്തരമായ വേട്ടയാടലിന് ഒടുവിൽ 

എനിക്ക് മാത്രമായൊരു ഭൂമികയില്ലെന്ന തിരിച്ചറിവ്.   

   നിതാന്തമായ അന്വേഷണങ്ങൾക്കൊടുവിൽ

 ഞാനെന്നിൽ വെറുതെ ചീഞ്ഞൊടുങ്ങുന്നു

 എന്ന ഭീകര യാഥാർത്ഥ്യം.!       

വീണുപോയ ഒരു അവസരം ആയിരുന്നു.   

എന്തിന് ഞാൻ അത് ഒഴിവാക്കിയെന്ന് 

ഇനിയും എന്നോട് ചോദിക്കരുത്.   

   ഇനി  ഒരു അവസരവും തേടി വരാത്ത 

ഒരിടത്തേക്ക് ആയിരുന്നു എപ്പോഴും എന്റെ കണ്ണ്.


വിടവ്

 ഒരു വിടവ് നമുക്കുള്ളിൽ തീർത്തതാരാണ്?   

 ആരുടെ ഒടുങ്ങാത്ത അസൂയയാവാമത്.?     

സ്വർഗ്ഗത്തിനു പോലും വേർപിരിക്കാനാവാത്ത വിധം

 ഒന്നായ നമുക്കുള്ളിൽ. ?      

ആ വിടവ് ആരുടെ ചെയ്തി?.      

ഒരുവേള ദൈവം പോലും അസൂയ മൂത്ത് ചെയ്തതാകുമോ?   

    അതുമല്ല കാമദേവനോ?    തന്റെ അമ്പുകൾ

 മുട്ടുമടക്കിയ നമ്മുടെ ചൈതന്യം

 നിറഞ്ഞ അടുപ്പം സഹിക്കാതെ.?     

ഈ വിടവ് നികത്താൻ നമുക്ക് എന്ത് ചെയ്യാനാകും?  

  നിദ്രകൾ കൊണ്ട് അത് അടയ്ക്കാൻ ആകുമോ?  

പരിഭവങ്ങൾ കൊണ്ട്, സ്വപ്നം കൊണ്ട്, 

നിറയെ നിറയെ കവിഞ്ഞൊഴുകുന്ന സ്നേഹം കൊണ്ട്..?   

 എന്തായാലും നമുക്ക് അത് അടച്ചേ മതിയാകൂ.  

  പ്രകൃതി അതാണ് പറയുന്നത്.  മരണം അതാണ് പറയുന്നത്.  

 കിനാവുകളുടെ കിന്നിരിയൊച്ചകൾ അതാണ് പറയുന്നത്.  

 വീണ്ടെടുപ്പിന് തയ്യാറാകാൻ ഞാൻ വീണ്ടും വീണ്ടും

 അവളോട് അഭ്യർത്ഥിക്കുകയാണ്.    

ഈ വിടവിൽ കിനിയുന്ന പൂം പരാഗം 

പ്രപഞ്ച ത്തോളം വളർന്നു വിലസീടട്ടെ.  

നല്ല നാളെയുടെ പ്രതീക്ഷകൾ അവയിൽ അടയിരിക്കട്ടെ.


Monday, April 21, 2025

അടയാളം

 ഒരു അടയാളം നിനക്കു മാത്രമായി 

ഞാൻ മാറ്റിവയ്ക്കുകയാണ്. 

ആരും മോഷ്ടിക്കാത്ത ആരെയും മോഹിപ്പിക്കുന്ന  

നിറഞ്ഞ കുനുകുനെ കുളിരുന്ന ഒരു അടയാളം

 നിനക്കായി മാറ്റിവയ്ക്കുകയാണ്. 

ആയിരം പുഞ്ചിരി ഇതളുകളിൽ പൊതിഞ്ഞ

 നൂറു കണ്ണീർ കണങ്ങളിൽ കഴുകി ഉണക്കിയ

 ഒരു അടയാളം നിനക്കായി.. 

മധുരമുള്ളതായി കൈപ്പേറിയതായി 

കനിവുള്ളതായി കനൽ പോലെ ചൂടേറ്റുന്നതായി.. 

നീ പരാതിപ്പെട്ടേക്കാം. എങ്കിലും ആ അടയാളം

 എനിക്ക് ബാക്കിവെച്ചേ മതിയാവൂ. 

ഒരു വേള ഞാൻ ഇല്ലാതാവുന്ന വേളയിൽ

 നിനക്ക് ഓർക്കാൻ ഈയൊരു അടയാളം മതിയാകുമോ?

 ഒരു വേള കൊയ്തൊഴിഞ്ഞ പാടം പോലെ 

തരിശായി  കിടക്കുന്ന ഈ സായാഹ്നത്തിൽ 

നിനക്കായി ഈ ഒരു അടയാളം മതിയാകുമോ? 

നിത്യത പുഷ്പിക്കുന്ന നൈരന്തര്യം ചുവക്കുന്ന 

നിഷ്ഫലത വേട്ടയാടുന്ന നിരർത്ഥകത താലമേന്തുന്ന 

ഈ ഒരടയാളമെങ്കിലും നിനക്ക് തരാതെ പോയാൽ 

എന്റെ ജീവിതം ഒരു അടയാളം ഇല്ലാത്തതായി പോകുമല്ലോ!



തരികൾ

 എന്റെ സ്വപ്നങ്ങളുടെ തരികൾ പെറുക്കിയാണ് 

ദൈവം അവളെ ഉണ്ടാക്കിയത്. 

എന്റെ തേടലുകളും കണ്ണീരും 

അതിൽ ചേർന്നലിഞ്ഞിട്ടുണ്ട്. 

എന്റെ വ്യാകുലതകളും കുന്നായ്മകളും 

അതിൽ അരികു ചേർന്ന് കിടപ്പുണ്ട്. 

എന്റെ അതിരില്ലാ ആശകൾ അതിൽ 

അലതല്ലി നിറയുന്നത് നിങ്ങൾക്ക് കാണാം. 

ഒരു വേള പരിചയില്ലാത്ത പരിഹാരമായി 

അവളെ സ്വീകരിക്കുന്നത് അതുകൊണ്ടാവാം. 

ജീവിതത്തിന്റെ ഒരു വകുപ്പിലും വളവിലും

 അവളുടെ സ്പർശമില്ലാതെ എനിക്ക് 

കടന്നുപോകാൻ ആവാത്തതും അതുകൊണ്ടാവാം. 

ജീവിതം-  അത് എത്ര അർത്ഥവത്തെന്ന് അവളെ 

നോക്കി എനിക്കിന്നു പറയാൻ കഴിയുന്നുണ്ട്. 

നിരന്തരമായ പരിക്രമണവും പരിചരണവും 

പരിപ്രേഷ്യവും ഇന്നവളാണ്. 

ഒരു അതിരിലും ഒതുങ്ങാത്ത അതിരായി 

ഒരു അളവിലും ഒടുങ്ങാത്ത അളവായി

 അവൾ എന്നിൽ നിറഞ്ഞു തുളുമ്പുന്നു.


Thursday, April 10, 2025

എന്താണ്?

 നിന്നോട് പറയാൻ എനിക്കുള്ളത് എന്താണ്?  

     ഒരു ലോകം നിറയെ സ്നേഹപ്പൂക്കൾ.    

   ഒരു സമുദ്രം നിറയെ സ്നേഹത്തിരകൾ.  

 ഒരു മോഹം നിറയെ നീ മാത്രം നീ മാത്രം.    

           നിന്നോട് പറയാൻ എനിക്കുള്ളത് എന്താണ്?      

          ഒരു നിറഞ്ഞ കണ്ണുനീർ-.        

   നീ എന്റേതല്ലല്ലോ എന്ന് ഓർക്കുമ്പോൾ 

മാത്രം നിറയുന്നവ.           

  ഒരു തുറന്ന ചിരി - എപ്പോഴെങ്കിലും ആ മനസ്സിൽ 

എന്റെ പേര് വരുന്നുണ്ടല്ലോ എന്നോർത്ത്.    

        നിന്നോട് പറയാൻ എനിക്കുള്ളത് എന്താണ്?           

      ഒരു ജീവിതം മുഴുവൻ -അതിൽ 

നിന്റെ സാമീപ്യം നിന്റെ ഗന്ധം മാത്രം നിറഞ്ഞ്.      

         ഒരു മരണം- നിന്നിൽ ചേർന്നലിഞ്ഞില്ലാതാകുന്ന 

ഒരു തുഷാര ബിന്ദുവായി ഞാൻ തീരുന്നത്.     

    അഗാധതയുടെ കരസ്പർശത്തിന്

 ഞാനിപ്പോൾ കാതോർക്കുകയാണ്.    

നീയെന്ന സത്യത്തിനപ്പുറം ഏതു സത്യം. ?            

 നീയെന്ന വരത്തിനപ്പുറം ഏതു വരം?.               

     എന്റെ മാത്രമെന്ന് നിനക്കുമ്പോൾ തന്നെ

 ഞാനെത്തുന്ന പൂർണ്ണത ആരോട് അറിയിക്കും

സായൂജ്യം

 ഒരു തേങ്ങലിന്റെ സ്പർശമായി 

ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.  

 തീരാ തേടൽ ആയോ കിട്ടാക്കനി ആയോ 

കനിവിന്റെ നിറകുടമായോ 

ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.   

നിദ്രയെ വെട്ടി കീറുന്ന സ്വപ്നമായോ 

നിരാസങ്ങളിൽ അഭിരമിക്കുന്ന 

അവിവേകമായോ ഒരിക്കലും..

 എന്നിട്ടും നിർത്താതെ തോരാത്ത ദാഹങ്ങൾക്ക് 

നിത്യശമനിയായി അവൾ മാത്രം ഉള്ളൂ 

എന്ന സത്യം എന്നെ തുറിച്ചു നോക്കുന്നു. 

  എന്നിട്ടും വിടാതെ പുണരുന്ന അസഹ്യതയെ

 ദൂരേക്കു നാടുകടത്തുന്ന    അഴകുറ്റ

 പ്രണയ രാവോർമ്മയായി അവൾ മാത്രം.   

എന്നെ ഞാനാക്കി നിർത്തുന്ന 

നിത്യ താരകയാണവൾ. 

എന്നിലെ ഏക അഗ്നി. 

എന്റെ തപഫലം. 

നിസ്തുലമായ ജീവിതവഴികളിലെ ഏക കിട്ടാക്കനി. 

സായൂജ്യം സായൂജ്യം അടയുന്നത് അവളിൽ മാത്രം


നിന്റെ..

 ഭൂമിയിൽ ഞാൻ തൊടുന്ന

 ഓരോ ബിന്ദുവിലും നിന്റെ നനവുണ്ട്.    

     നിന്റെ വഴിയുന്ന മധുര 

പുഞ്ചിരിയുടെ ഇത്തിരി വെട്ടം ഉണ്ട്.          

       കാലം   കീഴ്മേൽ മറിച്ചിട്ട് നോക്കിയാലും     

 കാലമേ ഇല്ലെന്നു വന്നാലും 

       എന്റെ എക്കാലത്തെയും പ്രാപ്യ വസ്തു നീ മാത്രം.  

                   എന്റെ തേടലുകളുടെ ആകെ തുക നീ മാത്രം.  

നിന്നെ ഒഴിഞ്ഞു പോകുമ്പോഴുള്ള ശൂന്യത, 

ഒന്നും സൃഷ്ടിക്കാത്തപ്പോ ഴുള്ള

 ദൈവത്തിന്റെ ശൂന്യത പോലെയാണ് .  

എന്റെ ജീവിത തേര് നിർത്തിയിട്ടിരിക്കയാണ്.           

                     രാജകുമാരി നീയണയു വതും  കാത്ത്. 

സ്പന്ദനങ്ങൾ എന്നോ നിലച്ചു പോയിരിക്കുന്നു.    

    നീ അണയുമ്പോൾ വീണ്ടും മിടിച്ചു തുടങ്ങാൻ.


മിണ്ടാതായപ്പോൾ..

 നിന്നോട് മിണ്ടാതായപ്പോൾ പ്രപഞ്ചം മുഴുവൻ

 എനിക്ക് നേരെ മുഖം പൊത്തിയ പോലെ.     

  നിന്റെ വാക്കുകൾ വീഴാഞ്ഞപ്പോൾ 

എന്റെ നിലം തരിശായ പോലെ.        

നിന്റെ മുഖം എത്ര അകലെയാണെങ്കിലും 

എനിക്ക് ഇവിടെ ഇരുന്നു കാണാം..  

          എന്നോടുള്ള ദേഷ്യം അതിൽ 

കടന്നൽകൂട് കെട്ടിയിരിക്കുന്നത്,     

  എന്നോടുള്ള അവഗണന ആ നടത്തത്തിൽ 

മൊഴികളിൽ കലങ്ങി കിടക്കുന്നത് .        

             പക്ഷേ ഒന്നോർക്കുക ഞാനിവിടെ അനാഥനാണ്.  

         ഒരു വലിയ ഭൂമിയിൽ ദൈവം എന്നെ ഒറ്റക്കാക്കി.         

           ബാക്കി എന്റെ എല്ലാമായിരുന്ന നീ മുഖം തിരിച്ചതോടെ,

             ഞാനൊരു അപ്രസക്തനായി.       

എന്റെ ഗാനത്തിനൊത്ത് ഒരു കിളിയും ചിലക്കുന്നില്ല .  

              എന്റെ തേടലുകൾക്കൊപ്പം തിങ്കൾ ആകാശത്ത് ചലിക്കുന്നില്ല. 

        എന്റെ ആവലാതികൾക്ക് കാത് തരാൻ 

ആരും ആരും ഈ വഴി വരുന്നുമില്ല   . 

   എത്ര പെട്ടെന്നാണ് ഒരു സ്വർഗ്ഗീയ ഇടം 

നരകത്തീ പടർന്ന മാതിരി ആയത്. 

     എത്ര വേഗത്തിലാണ് എന്റെ പ്രണയ കുറുമ്പുകൾ   

 അസ്ഥിവാരമില്ലാതെ അർത്ഥരഹിതമായത്.

 

ഇടപെടൽ

 അത്യപൂർവ്വമായ ഒരു ഇടപെടൽ 

എന്നു മാത്രമേ, 
എനിക്ക് 
അതിനെക്കുറിച്ച് പറയാനാകൂ. 

നിരന്തരം അലട്ടുന്ന ഒരു സ്വപ്നം,               അനുവാദമില്ലാതെ കയറിവരുന്ന 
ഒരു വേവലാതി,                          
നിരന്തരമായ ഒരു നിരാസം
                     
എനിക്ക് അതിനെക്കുറിച്ച് 
അത്രമാത്രമേ ഇപ്പോൾ പറയാനാകൂ.                        നിർദ്ദയമായ കാലത്തിന്റെ തിരുശേഷിപ്പുകൾ ആയി 
ഇതിനെ കണ്ടു സമാധാനിക്കാം, വേണമെങ്കിൽ.               

പക്ഷേ അത് അങ്ങിനെയല്ല.               ഇടതടവില്ലാതെ വേട്ടയാടുന്ന 
ഒരു മുനയൊടിഞ്ഞ ചോദ്യം      
എപ്പോഴും 
അതിന്റെ പുറകിൽ ഇരുന്ന് വിലപിക്കുന്നുണ്ട്.          
വെറുതെ തികട്ടിവരുന്ന  അസ്വസ്ഥത അതിന്റെ ഒരു മുഖമുദ്രയാണ്.
        
എല്ലാറ്റിൽ നിന്നുമുള്ള 
ഒരു പിൻവാങ്ങൽ 
അതെപ്പോഴും സൂക്ഷിക്കുന്നു.  
              
അഗാധം എന്ന് തോന്നിക്കുന്ന 
ഒരവജ്ഞ 
അതിന്റെ പ്രതിരൂപമാണ്.    

എങ്കിലും അത്യപൂർവ്വമായ 
ഒരിടപെടൽ 
എന്നു മാത്രമേ 
എനിക്ക് അതിനെക്കുറിച്ച് 
ഇപ്പോൾ പറയാനാകൂ. 

ആരും 
ഒന്നും
തിരിഞ്ഞു നോക്കാനില്ലാത്ത 
ഈ വിനാഴികയിൽ    
ഈ കൊച്ചു ഇടപെടൽ            
വല്ലാത്ത ഒരു ആശ്വാസമാണ് താനും.

Sunday, April 6, 2025

ഭയം

 ഭൂമിയിൽ ചവിട്ടി നടക്കാൻ 

എനിക്ക് ഭയം. 

കാരണം അവളുടെ മേലാണ് 

ഞാൻ ചവിട്ടുന്നത് എന്ന തോന്നൽ!


മൗനം

 ഒരു മൗനം കൊണ്ട് നിനക്കെന്നെ 

കീറി മുറിച്ചെറിയാൻ കഴിയും- സത്യം. 

പക്ഷേ ഒന്നോർക്കുക. 

പിന്നെ എത്ര തുന്നിക്കെട്ടിയാലും 

ചതഞ്ഞു പോയ സ്വപ്നങ്ങൾക്ക് 

വീണ്ടുമൊരു വാഴ്വ് ഉണ്ടാകില്ല


വൈകിയതാകുമോ?

 അങ്ങിനെയാണ് അത് സംഭവിച്ചത്. 

തീരെ പാടില്ലായിരുന്നു. എന്നിട്ടും. .

ഒരു കൊലമരം കയറിയ പോരാളിയുടെ വീര്യം അതിനില്ലായിരുന്നു. 

ഒരു നീണ്ട കാത്തിരിപ്പിന്റെ മുഷിപ്പും അവിടെ ഉണ്ടായിരുന്നില്ല. 

എന്നിട്ടും..

 കിനാവുകൾക്ക് പരതി നടക്കാൻ ഇടമില്ലാതിരുന്നിട്ടും,

 ദുഃഖങ്ങൾക്ക് മുഖം പൊത്തി മോങ്ങാൻ 

അവസരം തീരെ ഇല്ലാതിരുന്നിട്ടും അതങ്ങനെ സംഭവിക്കുകയായിരുന്നു.

 നിർത്താതെയുള്ള ജീവിതപ്രയാണത്തിൽ  ഒരു അടിവര 

എന്നോണം ഞാൻ.അത് സ്വീകരിക്കുകയാണ്. 

ശരിക്കും അങ്ങനെയാണ് സംഭവിച്ചത്.

 ശരിക്കും അങ്ങനെ തന്നെയാവണം അത് സംഭവിക്കേണ്ടത്

 എന്ന് എനിക്ക് വാശിയില്ല. അന്നും ഇന്നും ഇല്ല. 

അവൾ വലിയ കോപിഷ്ഠയായിരുന്നു. 

എന്റെ പ്രണയ നഷ്ടത്തിന്റെ കണക്ക് 

നിരത്തിയിട്ടും അവൾ തിളങ്ങിയില്ല. 

നിരാശയുടെ പകിട നിരത്തി കാണിച്ചിട്ടും അവൾ കനിഞ്ഞില്ല. 

ഒരു പൊട്ടിത്തെറിയോടെ ആയിരുന്നില്ല അത് ഉണ്ടായത്. 

ഒരു മന്ദാരം വിടരുന്ന ലാഘവവും അതിനുണ്ടായിരുന്നില്ല .

 കണ്ണീരടക്കി ക്ഷോഭം കലങ്ങിമറിയാതിരിക്കാൻ പണിപ്പെട്ട് 

അവൾ നടന്നു മറയുന്നത് നോക്കി ഞാൻ നിൽക്കുമ്പോഴും,

 എന്തിനാണ് അങ്ങനെ സംഭവിച്ചത് എന്ന് നിശ്ചയം ഇല്ലായിരുന്നു. 

അഥവാ അവളുടെ കാര്യമായതിനാൽ, 

അത് മുന്നേ സംഭവിക്കേണ്ടതായിരുന്നു എന്നുള്ള സംഭവം 

ഞാൻ അറിയാൻ വൈകിയതാകുമോ?


വേർപാട്

 നിശ്ചയിച്ച ദൂരം കൃത്യമായി കടന്നുചെന്നാണ് ഞാനത് കണ്ടെത്തിയത്. 

ഒരു വിളിപ്പാടകലെ അവളുടെ നിലവിളി അളിഞ്ഞ് കിടന്നു. 

മുടിയിഴകൾ ചിതറി രക്തം തെറിച്ച് ആകെ ശോകമയം. 

എന്നിട്ട് ഞാൻ എന്ത് ചെയ്തു എന്ന് നിങ്ങൾ ചോദിക്കുന്നു. 

നിരാലംബ നിമിഷത്തെക്കുറിച്ച് ഞാൻ ഒരു കവിത എഴുതി. 

കാർകൂന്തലിന്റെ നിലതെറ്റിയ വിന്യാസം 

എന്നിൽ ഉണർത്തിയ കാമാനുഭൂതി വിവരണാതീതം.

. നിശ്ചയിച്ച സമയം ഏറെ കടന്നിട്ടും വീണ്ടും 

ഞാൻ നോക്കിയിരിക്കുകയാണ്. 

എന്റെ ജീവസഖി എന്ന് പലനേരങ്ങളിൽ കരുതിയ 

അവളുടെ കുരുത്തംകെട്ട വേർപാട്.