എന്റെ സ്വപ്നങ്ങളുടെ തരികൾ പെറുക്കിയാണ്
ദൈവം അവളെ ഉണ്ടാക്കിയത്.
എന്റെ തേടലുകളും കണ്ണീരും
അതിൽ ചേർന്നലിഞ്ഞിട്ടുണ്ട്.
എന്റെ വ്യാകുലതകളും കുന്നായ്മകളും
അതിൽ അരികു ചേർന്ന് കിടപ്പുണ്ട്.
എന്റെ അതിരില്ലാ ആശകൾ അതിൽ
അലതല്ലി നിറയുന്നത് നിങ്ങൾക്ക് കാണാം.
ഒരു വേള പരിചയില്ലാത്ത പരിഹാരമായി
അവളെ സ്വീകരിക്കുന്നത് അതുകൊണ്ടാവാം.
ജീവിതത്തിന്റെ ഒരു വകുപ്പിലും വളവിലും
അവളുടെ സ്പർശമില്ലാതെ എനിക്ക്
കടന്നുപോകാൻ ആവാത്തതും അതുകൊണ്ടാവാം.
ജീവിതം- അത് എത്ര അർത്ഥവത്തെന്ന് അവളെ
നോക്കി എനിക്കിന്നു പറയാൻ കഴിയുന്നുണ്ട്.
നിരന്തരമായ പരിക്രമണവും പരിചരണവും
പരിപ്രേഷ്യവും ഇന്നവളാണ്.
ഒരു അതിരിലും ഒതുങ്ങാത്ത അതിരായി
ഒരു അളവിലും ഒടുങ്ങാത്ത അളവായി
അവൾ എന്നിൽ നിറഞ്ഞു തുളുമ്പുന്നു.
No comments:
Post a Comment