നിന്നോട് മിണ്ടാതായപ്പോൾ പ്രപഞ്ചം മുഴുവൻ
എനിക്ക് നേരെ മുഖം പൊത്തിയ പോലെ.
നിന്റെ വാക്കുകൾ വീഴാഞ്ഞപ്പോൾ
എന്റെ നിലം തരിശായ പോലെ.
നിന്റെ മുഖം എത്ര അകലെയാണെങ്കിലും
എനിക്ക് ഇവിടെ ഇരുന്നു കാണാം..
എന്നോടുള്ള ദേഷ്യം അതിൽ
കടന്നൽകൂട് കെട്ടിയിരിക്കുന്നത്,
എന്നോടുള്ള അവഗണന ആ നടത്തത്തിൽ
മൊഴികളിൽ കലങ്ങി കിടക്കുന്നത് .
പക്ഷേ ഒന്നോർക്കുക ഞാനിവിടെ അനാഥനാണ്.
ഒരു വലിയ ഭൂമിയിൽ ദൈവം എന്നെ ഒറ്റക്കാക്കി.
ബാക്കി എന്റെ എല്ലാമായിരുന്ന നീ മുഖം തിരിച്ചതോടെ,
ഞാനൊരു അപ്രസക്തനായി.
എന്റെ ഗാനത്തിനൊത്ത് ഒരു കിളിയും ചിലക്കുന്നില്ല .
എന്റെ തേടലുകൾക്കൊപ്പം തിങ്കൾ ആകാശത്ത് ചലിക്കുന്നില്ല.
എന്റെ ആവലാതികൾക്ക് കാത് തരാൻ
ആരും ആരും ഈ വഴി വരുന്നുമില്ല .
എത്ര പെട്ടെന്നാണ് ഒരു സ്വർഗ്ഗീയ ഇടം
നരകത്തീ പടർന്ന മാതിരി ആയത്.
എത്ര വേഗത്തിലാണ് എന്റെ പ്രണയ കുറുമ്പുകൾ
അസ്ഥിവാരമില്ലാതെ അർത്ഥരഹിതമായത്.
No comments:
Post a Comment