ഒരു അടയാളം നിനക്കു മാത്രമായി
ഞാൻ മാറ്റിവയ്ക്കുകയാണ്.
ആരും മോഷ്ടിക്കാത്ത ആരെയും മോഹിപ്പിക്കുന്ന
നിറഞ്ഞ കുനുകുനെ കുളിരുന്ന ഒരു അടയാളം
നിനക്കായി മാറ്റിവയ്ക്കുകയാണ്.
ആയിരം പുഞ്ചിരി ഇതളുകളിൽ പൊതിഞ്ഞ
നൂറു കണ്ണീർ കണങ്ങളിൽ കഴുകി ഉണക്കിയ
ഒരു അടയാളം നിനക്കായി..
മധുരമുള്ളതായി കൈപ്പേറിയതായി
കനിവുള്ളതായി കനൽ പോലെ ചൂടേറ്റുന്നതായി..
നീ പരാതിപ്പെട്ടേക്കാം. എങ്കിലും ആ അടയാളം
എനിക്ക് ബാക്കിവെച്ചേ മതിയാവൂ.
ഒരു വേള ഞാൻ ഇല്ലാതാവുന്ന വേളയിൽ
നിനക്ക് ഓർക്കാൻ ഈയൊരു അടയാളം മതിയാകുമോ?
ഒരു വേള കൊയ്തൊഴിഞ്ഞ പാടം പോലെ
തരിശായി കിടക്കുന്ന ഈ സായാഹ്നത്തിൽ
നിനക്കായി ഈ ഒരു അടയാളം മതിയാകുമോ?
നിത്യത പുഷ്പിക്കുന്ന നൈരന്തര്യം ചുവക്കുന്ന
നിഷ്ഫലത വേട്ടയാടുന്ന നിരർത്ഥകത താലമേന്തുന്ന
ഈ ഒരടയാളമെങ്കിലും നിനക്ക് തരാതെ പോയാൽ
എന്റെ ജീവിതം ഒരു അടയാളം ഇല്ലാത്തതായി പോകുമല്ലോ!
No comments:
Post a Comment