Thursday, April 10, 2025

ഇടപെടൽ

 അത്യപൂർവ്വമായ ഒരു ഇടപെടൽ 

എന്നു മാത്രമേ, 
എനിക്ക് 
അതിനെക്കുറിച്ച് പറയാനാകൂ. 

നിരന്തരം അലട്ടുന്ന ഒരു സ്വപ്നം,               അനുവാദമില്ലാതെ കയറിവരുന്ന 
ഒരു വേവലാതി,                          
നിരന്തരമായ ഒരു നിരാസം
                     
എനിക്ക് അതിനെക്കുറിച്ച് 
അത്രമാത്രമേ ഇപ്പോൾ പറയാനാകൂ.                        നിർദ്ദയമായ കാലത്തിന്റെ തിരുശേഷിപ്പുകൾ ആയി 
ഇതിനെ കണ്ടു സമാധാനിക്കാം, വേണമെങ്കിൽ.               

പക്ഷേ അത് അങ്ങിനെയല്ല.               ഇടതടവില്ലാതെ വേട്ടയാടുന്ന 
ഒരു മുനയൊടിഞ്ഞ ചോദ്യം      
എപ്പോഴും 
അതിന്റെ പുറകിൽ ഇരുന്ന് വിലപിക്കുന്നുണ്ട്.          
വെറുതെ തികട്ടിവരുന്ന  അസ്വസ്ഥത അതിന്റെ ഒരു മുഖമുദ്രയാണ്.
        
എല്ലാറ്റിൽ നിന്നുമുള്ള 
ഒരു പിൻവാങ്ങൽ 
അതെപ്പോഴും സൂക്ഷിക്കുന്നു.  
              
അഗാധം എന്ന് തോന്നിക്കുന്ന 
ഒരവജ്ഞ 
അതിന്റെ പ്രതിരൂപമാണ്.    

എങ്കിലും അത്യപൂർവ്വമായ 
ഒരിടപെടൽ 
എന്നു മാത്രമേ 
എനിക്ക് അതിനെക്കുറിച്ച് 
ഇപ്പോൾ പറയാനാകൂ. 

ആരും 
ഒന്നും
തിരിഞ്ഞു നോക്കാനില്ലാത്ത 
ഈ വിനാഴികയിൽ    
ഈ കൊച്ചു ഇടപെടൽ            
വല്ലാത്ത ഒരു ആശ്വാസമാണ് താനും.

No comments:

Post a Comment