Thursday, May 29, 2025

വീഴ്ച്ച

 അതിശയകരമായ ഒരു വീഴ്ച്ച 

അത് സംഭവിച്ചിരിക്കുന്നു. 

അരുതാത്തതെന്നോ അവിരാമമായി 

സംഭവിക്കുന്നതോ ആയിരുന്നില്ല അത്.  

എന്നിട്ട് ഒരുപാധിയും കൂടാതെ,മുന്നറിയിപ്പ് 

യാതൊന്നും ഇല്ലാതെ ഒരു വീഴ്ച്ച 

അത് സംഭവിച്ചിരിക്കുന്നു. 

മഴ വന്ന് തലയിൽ വീണു 

മാരികൾ കിന്നാരം പറഞ്ഞ്,

മേഘങ്ങൾ വാൾപയറ്റി നടത്തി, 

എന്നിട്ടും അതിന്നിടയിൽ മൗനത്തിനും 

വർത്തമാനത്തിനും ഒത്ത നടുവിൽ വെച്ച്

, ദുഃഖത്തിനും സന്തോഷത്തിനും ഇടയിലെ

 വിടവിലൂടെ ഒരു ദീർഘ വിലാപം പോലെ 

അത് സംഭവിച്ചിരിക്കുന്നു.

 ഒരു വീഴ്ച്ച- അത് എങ്ങനെ ചിന്തിച്ചാലും

 ഓർത്തെടുത്താലും ഓർക്കാപ്പുറത്ത്

 സംഭവിച്ചിരിക്കുന്നു.

കുഞ്ഞു കീറ്.

 ഒരു വെളിച്ചത്തിന്റെ കുഞ്ഞു കീറ് എന്നും അവൾ

 മറ്റാരും കാണാതെ ഹൃദയത്തിൽ ഒളിപ്പിച്ചിരുന്നു. 

ഒരു നരകത്തിന്റെ ഒരു കുഞ്ഞു നീലാകാശം 

എന്നും അവൾ ആ സാരി തലപ്പിൽ

 മറ്റാരും കാണാതെ കെട്ടിവെച്ചിരുന്നു. 

 ഒരു മന്ത്രമധുരിതമായ ഒരു ദിവ്യഗാനശകലം 

എന്തിനെന്നറിയാതെ ആവേശത്തോടെ 

അവളുടെ ചുണ്ടിൽ പറ്റി നിന്നത് 

ഇപ്പോൾ എനിക്ക് ഓർത്തെടുക്കാൻ ആവുന്നുണ്ട്.   

അസുഖകരമായ ഒരുപാട് ചലനങ്ങൾക്ക് ശേഷം 

വീണ്ടും വന്നു ചേർന്ന ഒറ്റപ്പെടലിൽ 

അവളുടെ വിഷാദം ഒരുതരി നാടൻ മഷിപ്പച്ച പോലെ

 എനിക്ക് ഒടിച്ചെടുക്കാവുന്ന വിധം വ്യക്തമാണ്. 

അതിരുകളിൽ നിന്നും വീണ്ടും കേൾക്കുന്ന

 സീൽക്കാരംഎന്തിന്റെതാകാം? 

ഒരു വേള വൃത്താകൃതി പൂണ്ട ഒരു ദുരിത ഓർമ്മയുടെ

 താളം പേറി വരുന്ന മഴക്കോൾ ആകുമോ?


തീ ഭരണി.

 ഒരു വേള നിദ്ര വലിച്ചെറിയുന്ന 

അവശിഷ്ടം ആകാം നാമൊക്കെ.    

ഒരു വേള ഏതോ പിരാന്തന്റെ പിറകുറുക്കൽ ആകാം

 നമ്മുടെ സനാതനമെന്ന് കെട്ടിപ്പിടിക്കുന്ന 

മൂല്യബോധങ്ങൾ ഒക്കെ.   

ഒരു കൺപീലി വെട്ടത്തിൽ കൊഴിയുന്നതാകാം

 നമ്മുടെ സിന്ദൂരം അണിയിച്ചു കൊണ്ടാടി 

നടക്കുന്ന പാതിവൃത്യ ബോധം പോലും.    

ഒരു നിമിഷത്തിൽ നമ്മെ ബാധിക്കുന്ന അടിമബോധത്തെ 

നാമിനി എന്തു പേരിട്ടു വിളിക്കും?.     

 കിനാവിന്റെ എല്ലാ വള്ളികളിലും ചുറ്റിയ സർപ്പത്തിന്

 ഈയിടെയായി നിന്റെ സീൽക്കാലമാണ് ലഭിച്ചിരിക്കുന്നത്.   

  അത്യഗാധമായ ഒരു അജ്ഞതയിൽ തലതല്ലി മരിച്ചു 

എന്റെ ആവേശ പടഹധ്വനികളെല്ലാം.  

 ഇനിയും പുറപ്പെടാൻ ആവാത്ത എന്റെ പ്രയാസങ്ങളെ, 

പ്രതിഭാസങ്ങളെ നിങ്ങൾ എന്നെങ്കിലും 

പുറപ്പെടും വേളയിൽ എന്നെ ഒന്ന് അറിയിക്കുക.   

 അപ്പോഴേക്കും ജീവനോടെ ഞാൻ ഉണ്ടാകാനായാൽ സമാധാനം. 

 ഒരുതരി സ്നേഹം കിട്ടാൻ നിന്റെ ജന്മത്തിന്റെ 

പടിവാതിൽക്കൽ എത്ര തല തല്ലിയിരുന്നു യാചിച്ചു. 

 ഒരു മോഹം നീ ഇട്ടുതന്നതിന്  ഉത്തരവാദി 

അല്ലെന്ന് പിന്നെനീ കയ്യൊഴിഞ്ഞു. 

 എന്നെ ഒഴിഞ്ഞ ഒരു തീ ഭരണിയിലാക്കി  നീ നിലനിർത്തി.

Wednesday, May 28, 2025

ഒരു നുണ വിരിയുമ്പോൾ 
ഒരു കണ്ണീരു മുറിയുന്നു.
ഒരു സത്യം വിണ്ടു പോകുന്നു.
നാളെയിലേക്ക് പരന്നു
പോകേണ്ടും പരാഗങ്ങളെ 
വിഷക്കാറ്റു തിന്നുന്നു.
ഒരു നുണ വിരിയുമ്പോൾ 
ദൈവം കൈ വലിക്കുന്നു.
കാമുകി കണ്‍ തിരിക്കുന്നു .
ഒരു നുണയിൽ വെവ്വാതെ
നിന്നോടുള്ള എന്റെ സ്നേഹം 
മാനത്ത്‌ ചിറകു വിടര്ത്തി
പറക്കുന്നു.

കാവൽക്കാർ

 നിരന്തരമായ ഒരു അദ്ധ്യായനം അതിനു

 പുറകിൽ എന്തായാലും നടന്നിട്ടുണ്ടാകും.   

നിരന്തരമായ ഒരു കണക്കുകൂട്ടൽ 

എന്തായാലും അതിൽ ഉണ്ടായിട്ടുണ്ടാകും.  

  വെറുതെ വെറും വെറുതെ അത് അങ്ങനെ 

സംഭവിക്കുമെന്ന് ആര് കരുതും?    

 തിങ്കളും വെള്ളിയും കൂട്ടി

 ശനി കുറച്ചാൽ ഞായർ കിട്ടുമോ?  

 കിനാവിൽ നിന്ന് കണ്ണീര്

 കുറച്ചാൽ എന്താണ് കിട്ടുക?  

  മുദ്രയില്ലാതെ മുദ്രണം ചെയ്യപ്പെട്ടു

 പോയി നമ്മുടെ സ്നേഹങ്ങളൊക്കെ. 

 അഹന്തയിൽ പെറ്റു പെരുകിയ 

കുഞ്ഞുങ്ങളെ പോറ്റാൻ ആരുണ്ട് 

ഇവിടെ ഇനി ബാക്കി?.

  നിർദയമായ ഒരു സ്വകാര്യം ഇപ്പോഴും

 കാതിൽ വന്ന് അടിയുകയാണ്.     

 മരണമല്ല ജീവിതമല്ല അതിനിടയിലെ 

ഈ നിമിഷമാണ് പ്രശ്നം-   അതാണ് സത്യം.

.    അതിലാണ് നരകവും സ്വർഗ്ഗവും കുടിയിരിക്കുന്നത്.     

 ദൈവവും പിശാചും അതിന് കാവൽക്കാർ

Thursday, May 22, 2025

എങ്ങോട്ട്?

 അതെ ശരിയാണ്, 

അഗാധമായ ഒരു ഓർമ്മ പിശകിൽ 

എന്റെ വഴികൾ ഓരോന്നും 

അടഞ്ഞുപോയിരിക്കുന്നു.     

 അനുവാദമില്ലാത്ത വിനാഴികകൾ

 അനവരതം വന്നടിയുകയാണ്.

 അഗാധമായ ഒരു വേദനയിൽ 

ഞാൻ തീരെ തീരെ

 ഇല്ലാതാവുക തന്നെയാണ്. 

അശരീരികളുടെ ലോകത്ത് 

എന്നെ തനിച്ചാക്കി അവൾ 

കടന്നുപോയത് എങ്ങോട്ട്?

......................

അഗാധമായ ഒരു വീഴ്ചയിൽ എന്റെ

 ജന്മനാശി മുഴുവൻ തകർന്നു പോയിരിക്കുന്നു. 

ഒരൊറ്റ കുതിപ്പിൽ തീരാവുന്ന ദൂരങ്ങളാണ് 

അവളുടെ ഒറ്റനോട്ടത്തിൽ പല ജന്മം പിന്നോട്ട് പതിച്ചത്. 

  ഒരു നേർരേഖ ഇല്ല എന്റെ വഴികളിൽ. .

ഒരു ഗണന  പട്ടികയിലും അത് തിട്ടപ്പെടുത്താൻ ആവില്ല. 

നിശ്ചയം ഇല്ലാത്ത നിരാമയമായ

 ഒരു ഏകാന്ത സ്പന്ദം പോലെ നിരഹങ്കാരമായി 

നിരാശ്രയമായി നിത്യ വീചികളിൽ തലതല്ലി

 തിരയിളക്കി അടങ്ങിനിർത്താത്ത രോദനമോ, 

ഒടുങ്ങാത്ത തേർവാഴ്ചയോ ഒന്നിലും

 അലിയാത്ത വേവലാതി ആയോ 

ഞാൻ ഒടുങ്ങുന്നതിൽ നിങ്ങൾ ഇനിയും അത്ഭുതപ്പെടരുത്.


വിരളം

 അതിർത്തി അടരുന്ന 

പിടക്കൽ നെഞ്ചിൽ.   

ഒരു വിഷാദമാകാൻ ഇടയില്ലാത്ത 

ഒരു വല്ലായ്മ വഴിവക്കിൽ 

എന്നെ കണ്ടു കൂടെ കൂട്ടി.   

നിർത്തിയിട്ടിരിക്കുന്ന തീവണ്ടി 

തൊട്ടുമുമ്പ് അരച്ചിരുന്നു 

ഒരു വിപ്ലവ ശിരസ്സിനെ. 

 കൊതിയായിട്ട് പാടില്ല നിന്നോട്. 

മരണം കയ്ക്കും പോലെ 

നിന്നെ മണത്തിട്ട് പാടില്ല. 

ഒഴിച്ചു കളയട്ടെ ഈ ഗ്ലാസിലെ വെള്ളം, 

നിശയിലെത്തും അനാഥാത്മാക്കൾ 

ദാഹിച്ചു പണ്ടാരടങ്ങി പോട്ടെ. 

ദിവ്യമായ ഒരു സ്നേഹത്തിൽ തട്ടി

 ഉടയണമെന്നുണ്ട് എന്റെ  ജീവിതം. 

നിരർത്ഥകതയുടെ ഈ പെരുവഴിയിൽ 

അതിനു സാദ്ധ്യത എത്ര വിരളം.