ഒരിക്കൽ എന്നിൽ നിന്ന് പറന്നു പോയ
ജീവൻ എന്നെ കാണാൻ വന്നു.
ആനയും അമ്പാരിയും ഇല്ലാതെ
ആളും ആലവട്ടവും ഇല്ലാതെ
എങ്ങിനെ ആനയിക്കും
എന്നറിയാതെ ഞാൻ വട്ടം കറങ്ങി.
നിരാലമ്പമായ മോഹങ്ങൾ താലവട്ടം പിടിച്ചു.
നിർദയമായി കൊഴിഞ്ഞ അവസരങ്ങൾ കാഹളമൂതി.
നിസ്തുലമായ പ്രണയങ്ങൾ കൈകൊട്ടി പാടി.
നിരവധി മോഹങ്ങളുടെ പൂമാലകളാണ്
അവരാ ജീവനെ അണിയിച്ചത്.
കൗതുകം പൂണ്ട ആ ജീവൻ
അധികം നോക്കി നിൽക്കാതെ,
വന്നിടത്തേക്ക് തന്നെ മടങ്ങാൻ
എന്തിനാകും ധൃതി കൂട്ടിയിട്ടു ണ്ടാവുക.??
No comments:
Post a Comment