ഒന്ന് അലമുറ കരയാവുന്ന സംഗതികൾ
ഈ നിമിഷം എന്നിൽ നിറയുന്നുണ്ട്.
പക്ഷേ ഞാൻ കരയുന്നില്ല.
ഓർത്താൽ വിങ്ങിപ്പൊട്ടി ഒരു
അലർച്ചയോടെ വീണു തേങ്ങാവുന്ന
ദുഃഖഭാരം ഉള്ളിൽ ഇരുമ്പുന്നുണ്ട്.
പക്ഷേ എത്ര ഭദ്രമായി സ്നേഹസമ്പന്നനായി
ശാന്തനായി ഞാൻ ഈ നിമിഷത്തെയും
കടന്നു പോകുന്നു.
നിങ്ങളോട് പതിവുപോലെ
സുഖം അന്വേഷിക്കുന്നു.
ആരോഗ്യം ശ്രദ്ധിക്കണമെന്നും
ഉറക്കം വെറുതെ കളയരുതെന്നും
ഉപദേശം തരും.
എന്നിട്ട് ഒറ്റയ്ക്കാകുമ്പോൾ എന്നിലെ
കൊടുങ്കാറ്റ് അമറുന്നത് ഞാൻ
കേൾക്കുന്നുണ്ടെങ്കിലും
ഒന്നും ഒരു ചെറു സുഷിരത്തിലൂടെ
പോലും പുറത്തേക്ക് വരുന്നില്ല.
എത്ര നിസ്സാരമായാണ് എത്ര നിസ്സീമമായ
പരിപക്വതയോടെയാണ് ഓരോ
വളവിലും തിരുവിലും ഞാൻ
പെരുമാറി കയ്യടി നേടുന്നത്.
ഒരു അതിരറ്റ മോഹമുണ്ട്.
എനിക്ക് ആർത്താർത്ത് കരയണം.
എനിക്ക് എന്റെ സ്നേഹം മുഴുവൻ
തുറന്നുകാണിക്കണം.
നഷ്ടപ്പെട്ട ഉറ്റവരെ പ്രതി വാവിട്ട് നിലവിളിക്കണം.
എനിക്ക് ഒരു മനുഷ്യനാകണം.
ഇപ്പോഴത്തെ എന്നെ എനിക്ക് പേടിയാകു ന്നു.
ഈ നിസ്സംഗതയുടെ പുറത്ത് ഇയാൾ
എന്തിന് ഇത്ര തിടുക്കപ്പെട്ട് ജീവിതം
അണിയിച്ചൊരുക്കി മുന്നോട്ടു പോകുന്നു.
കപടത-കപടത-കപടത
No comments:
Post a Comment