അതെ ശരിയാണ്,
അഗാധമായ ഒരു ഓർമ്മ പിശകിൽ
എന്റെ വഴികൾ ഓരോന്നും
അടഞ്ഞുപോയിരിക്കുന്നു.
അനുവാദമില്ലാത്ത വിനാഴികകൾ
അനവരതം വന്നടിയുകയാണ്.
അഗാധമായ ഒരു വേദനയിൽ
ഞാൻ തീരെ തീരെ
ഇല്ലാതാവുക തന്നെയാണ്.
അശരീരികളുടെ ലോകത്ത്
എന്നെ തനിച്ചാക്കി അവൾ
കടന്നുപോയത് എങ്ങോട്ട്?
......................
അഗാധമായ ഒരു വീഴ്ചയിൽ എന്റെ
ജന്മനാശി മുഴുവൻ തകർന്നു പോയിരിക്കുന്നു.
ഒരൊറ്റ കുതിപ്പിൽ തീരാവുന്ന ദൂരങ്ങളാണ്
അവളുടെ ഒറ്റനോട്ടത്തിൽ പല ജന്മം പിന്നോട്ട് പതിച്ചത്.
ഒരു നേർരേഖ ഇല്ല എന്റെ വഴികളിൽ. .
ഒരു ഗണന പട്ടികയിലും അത് തിട്ടപ്പെടുത്താൻ ആവില്ല.
നിശ്ചയം ഇല്ലാത്ത നിരാമയമായ
ഒരു ഏകാന്ത സ്പന്ദം പോലെ നിരഹങ്കാരമായി
നിരാശ്രയമായി നിത്യ വീചികളിൽ തലതല്ലി
തിരയിളക്കി അടങ്ങിനിർത്താത്ത രോദനമോ,
ഒടുങ്ങാത്ത തേർവാഴ്ചയോ ഒന്നിലും
അലിയാത്ത വേവലാതി ആയോ
ഞാൻ ഒടുങ്ങുന്നതിൽ നിങ്ങൾ ഇനിയും അത്ഭുതപ്പെടരുത്.
No comments:
Post a Comment