Thursday, May 29, 2025

വീഴ്ച്ച

 അതിശയകരമായ ഒരു വീഴ്ച്ച 

അത് സംഭവിച്ചിരിക്കുന്നു. 

അരുതാത്തതെന്നോ അവിരാമമായി 

സംഭവിക്കുന്നതോ ആയിരുന്നില്ല അത്.  

എന്നിട്ട് ഒരുപാധിയും കൂടാതെ,മുന്നറിയിപ്പ് 

യാതൊന്നും ഇല്ലാതെ ഒരു വീഴ്ച്ച 

അത് സംഭവിച്ചിരിക്കുന്നു. 

മഴ വന്ന് തലയിൽ വീണു 

മാരികൾ കിന്നാരം പറഞ്ഞ്,

മേഘങ്ങൾ വാൾപയറ്റി നടത്തി, 

എന്നിട്ടും അതിന്നിടയിൽ മൗനത്തിനും 

വർത്തമാനത്തിനും ഒത്ത നടുവിൽ വെച്ച്

, ദുഃഖത്തിനും സന്തോഷത്തിനും ഇടയിലെ

 വിടവിലൂടെ ഒരു ദീർഘ വിലാപം പോലെ 

അത് സംഭവിച്ചിരിക്കുന്നു.

 ഒരു വീഴ്ച്ച- അത് എങ്ങനെ ചിന്തിച്ചാലും

 ഓർത്തെടുത്താലും ഓർക്കാപ്പുറത്ത്

 സംഭവിച്ചിരിക്കുന്നു.

കുഞ്ഞു കീറ്.

 ഒരു വെളിച്ചത്തിന്റെ കുഞ്ഞു കീറ് എന്നും അവൾ

 മറ്റാരും കാണാതെ ഹൃദയത്തിൽ ഒളിപ്പിച്ചിരുന്നു. 

ഒരു നരകത്തിന്റെ ഒരു കുഞ്ഞു നീലാകാശം 

എന്നും അവൾ ആ സാരി തലപ്പിൽ

 മറ്റാരും കാണാതെ കെട്ടിവെച്ചിരുന്നു. 

 ഒരു മന്ത്രമധുരിതമായ ഒരു ദിവ്യഗാനശകലം 

എന്തിനെന്നറിയാതെ ആവേശത്തോടെ 

അവളുടെ ചുണ്ടിൽ പറ്റി നിന്നത് 

ഇപ്പോൾ എനിക്ക് ഓർത്തെടുക്കാൻ ആവുന്നുണ്ട്.   

അസുഖകരമായ ഒരുപാട് ചലനങ്ങൾക്ക് ശേഷം 

വീണ്ടും വന്നു ചേർന്ന ഒറ്റപ്പെടലിൽ 

അവളുടെ വിഷാദം ഒരുതരി നാടൻ മഷിപ്പച്ച പോലെ

 എനിക്ക് ഒടിച്ചെടുക്കാവുന്ന വിധം വ്യക്തമാണ്. 

അതിരുകളിൽ നിന്നും വീണ്ടും കേൾക്കുന്ന

 സീൽക്കാരംഎന്തിന്റെതാകാം? 

ഒരു വേള വൃത്താകൃതി പൂണ്ട ഒരു ദുരിത ഓർമ്മയുടെ

 താളം പേറി വരുന്ന മഴക്കോൾ ആകുമോ?


തീ ഭരണി.

 ഒരു വേള നിദ്ര വലിച്ചെറിയുന്ന 

അവശിഷ്ടം ആകാം നാമൊക്കെ.    

ഒരു വേള ഏതോ പിരാന്തന്റെ പിറകുറുക്കൽ ആകാം

 നമ്മുടെ സനാതനമെന്ന് കെട്ടിപ്പിടിക്കുന്ന 

മൂല്യബോധങ്ങൾ ഒക്കെ.   

ഒരു കൺപീലി വെട്ടത്തിൽ കൊഴിയുന്നതാകാം

 നമ്മുടെ സിന്ദൂരം അണിയിച്ചു കൊണ്ടാടി 

നടക്കുന്ന പാതിവൃത്യ ബോധം പോലും.    

ഒരു നിമിഷത്തിൽ നമ്മെ ബാധിക്കുന്ന അടിമബോധത്തെ 

നാമിനി എന്തു പേരിട്ടു വിളിക്കും?.     

 കിനാവിന്റെ എല്ലാ വള്ളികളിലും ചുറ്റിയ സർപ്പത്തിന്

 ഈയിടെയായി നിന്റെ സീൽക്കാലമാണ് ലഭിച്ചിരിക്കുന്നത്.   

  അത്യഗാധമായ ഒരു അജ്ഞതയിൽ തലതല്ലി മരിച്ചു 

എന്റെ ആവേശ പടഹധ്വനികളെല്ലാം.  

 ഇനിയും പുറപ്പെടാൻ ആവാത്ത എന്റെ പ്രയാസങ്ങളെ, 

പ്രതിഭാസങ്ങളെ നിങ്ങൾ എന്നെങ്കിലും 

പുറപ്പെടും വേളയിൽ എന്നെ ഒന്ന് അറിയിക്കുക.   

 അപ്പോഴേക്കും ജീവനോടെ ഞാൻ ഉണ്ടാകാനായാൽ സമാധാനം. 

 ഒരുതരി സ്നേഹം കിട്ടാൻ നിന്റെ ജന്മത്തിന്റെ 

പടിവാതിൽക്കൽ എത്ര തല തല്ലിയിരുന്നു യാചിച്ചു. 

 ഒരു മോഹം നീ ഇട്ടുതന്നതിന്  ഉത്തരവാദി 

അല്ലെന്ന് പിന്നെനീ കയ്യൊഴിഞ്ഞു. 

 എന്നെ ഒഴിഞ്ഞ ഒരു തീ ഭരണിയിലാക്കി  നീ നിലനിർത്തി.

Wednesday, May 28, 2025

ഒരു നുണ വിരിയുമ്പോൾ 
ഒരു കണ്ണീരു മുറിയുന്നു.
ഒരു സത്യം വിണ്ടു പോകുന്നു.
നാളെയിലേക്ക് പരന്നു
പോകേണ്ടും പരാഗങ്ങളെ 
വിഷക്കാറ്റു തിന്നുന്നു.
ഒരു നുണ വിരിയുമ്പോൾ 
ദൈവം കൈ വലിക്കുന്നു.
കാമുകി കണ്‍ തിരിക്കുന്നു .
ഒരു നുണയിൽ വെവ്വാതെ
നിന്നോടുള്ള എന്റെ സ്നേഹം 
മാനത്ത്‌ ചിറകു വിടര്ത്തി
പറക്കുന്നു.

കാവൽക്കാർ

 നിരന്തരമായ ഒരു അദ്ധ്യായനം അതിനു

 പുറകിൽ എന്തായാലും നടന്നിട്ടുണ്ടാകും.   

നിരന്തരമായ ഒരു കണക്കുകൂട്ടൽ 

എന്തായാലും അതിൽ ഉണ്ടായിട്ടുണ്ടാകും.  

  വെറുതെ വെറും വെറുതെ അത് അങ്ങനെ 

സംഭവിക്കുമെന്ന് ആര് കരുതും?    

 തിങ്കളും വെള്ളിയും കൂട്ടി

 ശനി കുറച്ചാൽ ഞായർ കിട്ടുമോ?  

 കിനാവിൽ നിന്ന് കണ്ണീര്

 കുറച്ചാൽ എന്താണ് കിട്ടുക?  

  മുദ്രയില്ലാതെ മുദ്രണം ചെയ്യപ്പെട്ടു

 പോയി നമ്മുടെ സ്നേഹങ്ങളൊക്കെ. 

 അഹന്തയിൽ പെറ്റു പെരുകിയ 

കുഞ്ഞുങ്ങളെ പോറ്റാൻ ആരുണ്ട് 

ഇവിടെ ഇനി ബാക്കി?.

  നിർദയമായ ഒരു സ്വകാര്യം ഇപ്പോഴും

 കാതിൽ വന്ന് അടിയുകയാണ്.     

 മരണമല്ല ജീവിതമല്ല അതിനിടയിലെ 

ഈ നിമിഷമാണ് പ്രശ്നം-   അതാണ് സത്യം.

.    അതിലാണ് നരകവും സ്വർഗ്ഗവും കുടിയിരിക്കുന്നത്.     

 ദൈവവും പിശാചും അതിന് കാവൽക്കാർ

Thursday, May 22, 2025

എങ്ങോട്ട്?

 അതെ ശരിയാണ്, 

അഗാധമായ ഒരു ഓർമ്മ പിശകിൽ 

എന്റെ വഴികൾ ഓരോന്നും 

അടഞ്ഞുപോയിരിക്കുന്നു.     

 അനുവാദമില്ലാത്ത വിനാഴികകൾ

 അനവരതം വന്നടിയുകയാണ്.

 അഗാധമായ ഒരു വേദനയിൽ 

ഞാൻ തീരെ തീരെ

 ഇല്ലാതാവുക തന്നെയാണ്. 

അശരീരികളുടെ ലോകത്ത് 

എന്നെ തനിച്ചാക്കി അവൾ 

കടന്നുപോയത് എങ്ങോട്ട്?

......................

അഗാധമായ ഒരു വീഴ്ചയിൽ എന്റെ

 ജന്മനാശി മുഴുവൻ തകർന്നു പോയിരിക്കുന്നു. 

ഒരൊറ്റ കുതിപ്പിൽ തീരാവുന്ന ദൂരങ്ങളാണ് 

അവളുടെ ഒറ്റനോട്ടത്തിൽ പല ജന്മം പിന്നോട്ട് പതിച്ചത്. 

  ഒരു നേർരേഖ ഇല്ല എന്റെ വഴികളിൽ. .

ഒരു ഗണന  പട്ടികയിലും അത് തിട്ടപ്പെടുത്താൻ ആവില്ല. 

നിശ്ചയം ഇല്ലാത്ത നിരാമയമായ

 ഒരു ഏകാന്ത സ്പന്ദം പോലെ നിരഹങ്കാരമായി 

നിരാശ്രയമായി നിത്യ വീചികളിൽ തലതല്ലി

 തിരയിളക്കി അടങ്ങിനിർത്താത്ത രോദനമോ, 

ഒടുങ്ങാത്ത തേർവാഴ്ചയോ ഒന്നിലും

 അലിയാത്ത വേവലാതി ആയോ 

ഞാൻ ഒടുങ്ങുന്നതിൽ നിങ്ങൾ ഇനിയും അത്ഭുതപ്പെടരുത്.


വിരളം

 അതിർത്തി അടരുന്ന 

പിടക്കൽ നെഞ്ചിൽ.   

ഒരു വിഷാദമാകാൻ ഇടയില്ലാത്ത 

ഒരു വല്ലായ്മ വഴിവക്കിൽ 

എന്നെ കണ്ടു കൂടെ കൂട്ടി.   

നിർത്തിയിട്ടിരിക്കുന്ന തീവണ്ടി 

തൊട്ടുമുമ്പ് അരച്ചിരുന്നു 

ഒരു വിപ്ലവ ശിരസ്സിനെ. 

 കൊതിയായിട്ട് പാടില്ല നിന്നോട്. 

മരണം കയ്ക്കും പോലെ 

നിന്നെ മണത്തിട്ട് പാടില്ല. 

ഒഴിച്ചു കളയട്ടെ ഈ ഗ്ലാസിലെ വെള്ളം, 

നിശയിലെത്തും അനാഥാത്മാക്കൾ 

ദാഹിച്ചു പണ്ടാരടങ്ങി പോട്ടെ. 

ദിവ്യമായ ഒരു സ്നേഹത്തിൽ തട്ടി

 ഉടയണമെന്നുണ്ട് എന്റെ  ജീവിതം. 

നിരർത്ഥകതയുടെ ഈ പെരുവഴിയിൽ 

അതിനു സാദ്ധ്യത എത്ര വിരളം.

Wednesday, May 21, 2025

ധൃതി

 ഒരിക്കൽ എന്നിൽ നിന്ന് പറന്നു പോയ 

ജീവൻ എന്നെ കാണാൻ വന്നു.  

ആനയും അമ്പാരിയും ഇല്ലാതെ

 ആളും ആലവട്ടവും ഇല്ലാതെ  

എങ്ങിനെ ആനയിക്കും 

എന്നറിയാതെ ഞാൻ വട്ടം കറങ്ങി.   

    നിരാലമ്പമായ മോഹങ്ങൾ താലവട്ടം  പിടിച്ചു.   

  നിർദയമായി കൊഴിഞ്ഞ അവസരങ്ങൾ കാഹളമൂതി.

    നിസ്തുലമായ പ്രണയങ്ങൾ കൈകൊട്ടി പാടി. 

 നിരവധി മോഹങ്ങളുടെ പൂമാലകളാണ് 

അവരാ ജീവനെ അണിയിച്ചത്.   

കൗതുകം പൂണ്ട ആ ജീവൻ 

അധികം നോക്കി നിൽക്കാതെ, 

വന്നിടത്തേക്ക് തന്നെ മടങ്ങാൻ 

എന്തിനാകും ധൃതി കൂട്ടിയിട്ടു ണ്ടാവുക.??


Tuesday, May 20, 2025

തിരയുന്നത്.

 ഒരു വേള നിശ്ചിതമായ ഒരു അറിവ് 

 എന്റെ ഗ്രന്ഥികളിൽ 

ചലനമുണ്ടാക്കിയേക്കാം.  

   നിദ്രകളുടെ അതിപ്രസരത്തെ 

അത് അതിജീവിച്ചേക്കാം.  

നിരന്തരം വേട്ടയാടുന്ന വേദനകളെ അത് 

തൽക്കാലത്തേക്ക് എങ്കിലും ഒഴിച്ച് നിർത്തിയേക്കാം.   

 എല്ലാത്തിലും അഹങ്കാരപൂക്കൾ കണ്ടെത്തുന്ന

 നിങ്ങളുടെ വിദ്യ  ഇനി എന്നടുത്ത് വിലപ്പോകില്ല.  

  ഒരു നിരന്തര സമരമായി  ജീവിതം ഒടുങ്ങി

 തീരുന്നതിൽ എനിക്ക് കുണ്ഠിതമോ വിഷമമോ ഇല്ല. 

 എന്തെന്നാൽ ദൈവം എഴുതാൻ മറന്നുപോയ

 ഒരു പ്രണയലേഖനമാണ് ഞാൻ.  

   എന്റെ പ്രണയിനിയെ അതുകൊണ്ടാകാം 

ഞാനിപ്പോഴും ശൂന്യതയിൽ തിരയുന്നത്.


ദിനങ്ങൾ.

 പിടഞ്ഞോടുന്ന ദിനങ്ങൾ.     

ഇവയെ ഞാനെന്തു ചെയ്യും?    

  എന്റെ വരുതിയിൽ നിൽക്കുന്ന 

വിദ്യാർത്ഥികളല്ല അവർ.       

 നിറയെ കുസൃതി ,നിറയെ  പുഞ്ചിരി, 

നിറയെ കുഴക്കുന്ന ചോദ്യങ്ങളുമായി 

തെറിച്ചു തെറിച്ച് എന്നെ ഭ്രാമിപ്പിച്ച്

 ചിലപ്പോൾ എന്നെ ഒറ്റക്കാക്കി അവ 

എങ്ങോട്ടോ കുതറി പായുന്നു.  

ദിനങ്ങൾ -അവയോട് എനിക്ക് 

ഒരു സ്വകാര്യവും ഇനി പറയാനില്ല. 

കാരണം അവയുമായി 

എനിക്കിന്ന് ഒരു ബന്ധവുമില്ല.          

എന്നെ അവ കാണുന്നു പോലുമില്ല.    

    അഥവാ ദിനങ്ങൾക്ക് വേണ്ടതായാൽ 

നാം ജീവിതത്തിനും വേണ്ടതാകുമോ??.


സാരി

 ഒരു നിലാവിനെ കൊണ്ട് എനിക്ക്

 നിന്നെ ഒരു സാരി ഉടുപ്പിക്കണം. 

ഒരു നക്ഷത്ര തുണ്ട് കൊണ്ട് പൊട്ടുതൊടീക്കണം.  

 ചന്ദ്രികയെടുത്ത് നിന്റെ മുടിയിൽ തിരുകണം.   

വാരിപ്പുണർന്ന് കോടമഞ്ഞിന്റെ

 കുളിരു മുഴുവൻ കോരി കുടിക്കണം.   

 നിന്റെ ജലാസാന്നിദ്ധ്യമുള്ളിടത്തൊക്കെ 

എനിക്കു പരന്നൊഴുകണം.

ആകാശത്തെരുവിൽ നിൽക്കുന്ന 

ദൈവത്തിന്റെ തോണിയിൽ 

നമുക്കൊന്നിച്ച് കയറണം.      

കാണാ സായൂജ്യസാമ്രാജ്യങ്ങൾ കീഴടക്കണം.


അന്ന് തൊട്ട് .

 നീ മിണ്ടാതായ അന്ന് തൊട്ട് 

വാടിപ്പോയി ആശകൾ പ്രതീക്ഷകൾ.    

  നിതാന്ത ജാഗ്രതകൾ തല കുമ്പിട്ടു.

   മഹാമോഹങ്ങൾ പടിയിറങ്ങി.  

   എന്റെ പ്രണയാശ്രയങ്ങൾ 

പ്രാണൻ നഷ്ടപ്പെട്ടു നിശ്ചലമായി.   

 ഒരു മഹാ സായൂജ്യ ഉത്സവമായിരുന്നു 

ആ സുന്ദര ദിനങ്ങൾ നിമിഷങ്ങൾ.   

    എന്തിനായ് അത് എന്നിൽ നിന്നും 

തെന്നി അടർന്നുപോയി.   ?        

ഒരു വേള ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ 

  ഞാനാ പിഴവുകൾ അടച്ച് വരണമാല്യം നീട്ടി

 സ്വന്തമാക്കിയേനെ ആ സൗഭാഗ്യത്തെ.  

 അസുലഭത എന്നെ ഉമ്മ വയ്ക്കാനായുന്നു. 

   അലങ്കോലമാക്കപ്പെട്ട കാമനകൾ പ്രതികാരത്തോടെ

 എന്നുള്ളിൽ തിറയാട്ടം നടത്തുന്നു.  

എനിക്ക് എന്നെ തിരിച്ചറിയാനാവാ ത്ത വിധം 

എന്നിൽ വിള്ളൽ ഉണ്ടാക്കുകയാണ് ഈ ഒഴിഞ്ഞുപോക്ക്.      

     മാപ്പാക്കി എന്നെ  മാറോടണക്കണം. 

മാറ്റിനിർത്തി എന്നെ  ഈ മണ്ണിൽ നിന്നും പായിക്കല്ലേ. 

     അസുന്ദരമാകാം അപൂർണ്ണമാകാം  

ഒട്ടുമേ ഒരുമയും ഇല്ലായിരിക്കാം.  

    എങ്കിലും നീ എന്റെ ഏക അഭിനിവേശം.  

അഭിലാഷ സർവ്വസ്വം. 

 തിരയടങ്ങാത്ത എന്റെ തേടലേ,,

 ചിറകൊടി ച്ചെന്നെ ചിതയിലാഴ്ത്തല്ലേ.!


Monday, May 19, 2025

അതിര് .

 ഒരു അതിരില്ലാത്ത അതിര് .

  ഒരു പതിരില്ലാ കതിര്. 

  വസന്തം പിഴിഞ്ഞ അഴക്.      

   നിർദ്ദയമായ തേടലിനൊടുവിലെ മരണം.  

    ഒന്നിലും തൊടാതെയുള്ള ഒരിടപെടൽ.   

  നിസ്സഹായത കയറിൽ തൂങ്ങിയ നിരർത്ഥകത.  

  അനുയോജ്യമായ വർണ്ണങ്ങൾ നിങ്ങൾക്ക്

 പെറുക്കിയെടുക്കാം ഈ ശ്മശാന

 ചെടി പൂക്കളിൽ നിന്ന്.  

അർത്ഥമില്ലാത്ത അർത്ഥഹേതു ഏതാണെന്ന് 

ഇപ്പോഴും ഞാൻ ചോദിക്കുകയാണ്?.

Friday, May 16, 2025

വെട്ടുകിളി.

 ഒരു നുണയിൽ നിന്നും ഉത്പാദിപ്പിക്കുന്ന

 കലഹങ്ങളെ എന്തു വിളിക്കും? 

നിരന്തരം നിലവിളിക്കുന്ന 

മോഹ ക്കുഞ്ഞുങ്ങളെ എന്തു വിളിക്കും?  

നിരാലംബ ദാഹങ്ങളുടെ പേക്കിനാവുകളെ എന്ത്? 

          അരുതാത്തതായ എന്തോ ഒന്ന് ഇപ്പോഴും

 തൊണ്ടയിൽ ഉത്തരമില്ലാത്ത ചൂണ്ടക്കുരുക്കിൽ. 

 നിഴലുകളുടെ അർമാദത്തെ

 വ്യസനങ്ങളുടെ ഒറ്റപ്പെടലുകളെ,

 സൗഹൃദങ്ങളുടെ അഴിയാകുരുക്കുകളെ 

എന്തു വിളിക്കും? 

പ്രണയമെന്ന പേരിൽ ആഘോഷിക്കുന്ന

 ഈ വെട്ടുകിളി പരപ്പുകളെ എന്ത്? 

 നിഷ്പക്ഷമായ പക്ഷപാതിത്തങ്ങളെ 

ഏതു ദൈവത്തിന്റെ മുമ്പിൽ 

നീതികരിക്കാനാകും? 

ഓർത്തു വെക്കാവുന്ന എന്താണ് 

ഇനിയും ബാക്കിയുള്ളത് ?.

കപടത

 ഒന്ന് അലമുറ കരയാവുന്ന സംഗതികൾ 

ഈ നിമിഷം എന്നിൽ നിറയുന്നുണ്ട്.  

പക്ഷേ ഞാൻ കരയുന്നില്ല.   

ഓർത്താൽ വിങ്ങിപ്പൊട്ടി ഒരു

 അലർച്ചയോടെ വീണു തേങ്ങാവുന്ന

 ദുഃഖഭാരം    ഉള്ളിൽ ഇരുമ്പുന്നുണ്ട്.  

പക്ഷേ എത്ര ഭദ്രമായി സ്നേഹസമ്പന്നനായി

  ശാന്തനായി ഞാൻ ഈ നിമിഷത്തെയും

 കടന്നു പോകുന്നു.  

നിങ്ങളോട് പതിവുപോലെ 

സുഖം അന്വേഷിക്കുന്നു. 

ആരോഗ്യം ശ്രദ്ധിക്കണമെന്നും

 ഉറക്കം വെറുതെ കളയരുതെന്നും 

ഉപദേശം തരും.  

എന്നിട്ട് ഒറ്റയ്ക്കാകുമ്പോൾ എന്നിലെ

 കൊടുങ്കാറ്റ് അമറുന്നത് ഞാൻ

 കേൾക്കുന്നുണ്ടെങ്കിലും 

ഒന്നും ഒരു ചെറു സുഷിരത്തിലൂടെ 

പോലും പുറത്തേക്ക് വരുന്നില്ല.  

എത്ര നിസ്സാരമായാണ് എത്ര നിസ്സീമമായ 

പരിപക്വതയോടെയാണ്  ഓരോ

 വളവിലും തിരുവിലും ഞാൻ 

പെരുമാറി കയ്യടി നേടുന്നത്.    

ഒരു അതിരറ്റ മോഹമുണ്ട്. 

എനിക്ക് ആർത്താർത്ത് കരയണം.  

 എനിക്ക് എന്റെ സ്നേഹം മുഴുവൻ 

തുറന്നുകാണിക്കണം.  

നഷ്ടപ്പെട്ട ഉറ്റവരെ പ്രതി വാവിട്ട് നിലവിളിക്കണം.

  എനിക്ക് ഒരു മനുഷ്യനാകണം. 

ഇപ്പോഴത്തെ എന്നെ എനിക്ക് പേടിയാകു ന്നു.  

ഈ നിസ്സംഗതയുടെ പുറത്ത് ഇയാൾ 

എന്തിന് ഇത്ര തിടുക്കപ്പെട്ട് ജീവിതം

 അണിയിച്ചൊരുക്കി മുന്നോട്ടു പോകുന്നു. 

 കപടത-കപടത-കപടത

ഇടം

 നിരന്തരം വേട്ടയാടുന്ന 

ഒരു മൃഗത്തിന്റെ പേര് പറയൂ?     

  നിർമ്മല സ്നേഹം.    

 നിരതിശയമായ നിരഹങ്കാര സാന്നിദ്ധ്യം?  

വാത്സല്യം.    

  അനുപമമായ ഒരു നിർവൃതി പൂവ്?     

തുള്ളാതെ തുളുമ്പുന്ന നിന്നോടുള്ള ഇഷ്ടം.  

 അറിയാതെ അറിഞ്ഞു എന്നിട്ടും

 അറിഞ്ഞില്ലെന്ന് നടിക്കുന്ന ആ ഒന്ന്? 

തൊട്ടാൽ വാടികൂമ്പുന്ന 

നിന്നോടുള്ള പരിഭവാനുരാഗം.    

 അസ്ത്രങ്ങൾ എയ്തെയ്ത്  അവസാനം 

അസ്പ്രിശ്യ ‌മായി അകറ്റിനിർത്തപ്പെടുന്ന 

ഒരു വേദനയുടെ പേര്?

   നിന്റെ മനസ്സിൽ എനിക്കുള്ള ഇടം.

എന്തുകൊണ്ടാകാം?

 എന്നെ തുറന്നു വിടുക എന്ന 

പ്രക്രിയയിൽ ഞാൻ എപ്പോഴും

 പരാജയപ്പെടുന്നത് എന്തുകൊണ്ടാകാം? 

 കഴിവുറ്റ ഒരു കിനാവായി അവളിപ്പോഴും

 മാറുന്നത് എന്തുകൊണ്ടാകാം?  

 നിരന്തരമായ ഒരു അർത്ഥ രാഹിത്യത്തിലേക്ക്  

 എന്തിനാണ് അവൾ എന്നെ ഇറക്കിവിടുന്നത്?   

അതിർത്തി പങ്കിടാൻ ആളില്ലാത്ത 

ഒരു പാഴ് കിനാവായി ഞാൻ 

ഇപ്പോഴും മാറുന്നത് എന്താണ്?


മരണവും ജീവിതവും,

 മരണവും ജീവിതവും തമ്മിൽ 

ചുംബിച്ചപ്പോൾ തെറിച്ചുവീണ

 എന്റെ ശുക്ലത്തിൽ നിന്ന് പൊട്ടി 

വിടർന്നു ഉണ്ടായി ഈ നക്ഷത്രങ്ങൾ, 

വേദനകൾ, വേർപാടുകൾ, 

പരിഭവങ്ങൾ, അലർച്ചകൾ, 

സ്വാധീനങ്ങൾ, സ്വാഭിമാനങ്ങൾ.         

  ജീവിതവും മരണവും പരസ്പരം 

തല്ലി പിരിഞ്ഞു പോയപ്പോൾ

   അണ്ഡകടാഹം ഞെട്ടി വിറക്കും പോലെ 

മലക്ക് യിസ്രായേലിന്റെ റൂഹ് എന്ന 

കാഹളത്തിലെ ഊതൽ കേട്ടു. 

                      ഞാൻ കൺതുറന്നു.    

  ജീവിതം പതിവുപോലെ...

.. വേദനകൾ പതിവുപോലെ ..

കണ്ടുമുട്ടലുകൾക്ക്

 പതിവ് രീതി.   

   ഹായ് ഹലോ സുഖമാണോ ?

ഇവിടെ ഭയങ്കര സുഖം!!


Sunday, May 4, 2025

തുടരുക എന്നത്

 അനന്തതയെ നോക്കി ഞാൻ വാണം അടിച്ചിട്ടുണ്ട്. 

 ഒരു കുഞ്ഞി കിളി പോലും അവിടെനിന്നും

 പറന്നു വന്നെന്നെ ഉമ്മ .വെച്ചിട്ടില്ല.   

ഒരു കിന്നാരവും പറയാൻ ഒരു ഇളം കാറ്റും

 തിരിഞ്ഞു നോക്കിയില്ല.   

അവളുടെ ഇടതൂർന്ന മുടിക്കാട്ടിൽ എന്റെ 

മുഖം ആകെ പടർന്നടിഞ്ഞ പോലെ.   

നിശ്ചലതയുടെ സുരഭി നിമിഷങ്ങളെ തരാൻ 

ഒരു ശുക്ലസ്ഖ ലനത്തിനും അപ്പോൾ ആയില്ല.   

 എന്നിട്ടും ചീ വീടുകൾ പറന്നകന്നിട്ടും  ,

 കിനാവുകൾ താളം തുള്ളിയിട്ടും  

മടുപ്പിന്റെ പിശാച് എന്നെ ആലിംഗനം 

ചെയ്തുകൊണ്ടേയിരുന്നു.   

 അറപ്പിന്റെ യക്ഷി എന്റെ രക്തം

 പാനം ചെയ്തു കൊണ്ടേയിരുന്നു.

അഗാധമെന്ന് കരുതാവുന്ന വിഡ്ഢിത്തങ്ങളിൽ 

നിന്നും എന്റെ മൗനത്തിന് ഇനിയും

 പിടഞ്ഞോടാൻ കഴിഞ്ഞിട്ടില്ല.   

തുടരുക എന്നത് മറ്റൊരു ഗതിയില്ലാ 

എന്നതിന്റെ മറ്റൊരു പേരാണ്.



Friday, May 2, 2025

ഇഷ്ടം

 അരൂപിയായ ഒരു ഇഷ്ടം, അതിന്റെ രേഖാചിത്രം 

 എനിക്കാവില്ല വരയ്ക്കാൻ. 

അതിന് ഉടുപ്പണിയിക്കാൻ പൊട്ടുകുത്താൻ 

കമ്മൽ ഇടീക്കാൻ എനിക്കറിയില്ല. 

ആത്മാവിലേക്ക് ഊറി കൂടിയത് ആയിരുന്നു അത്.

  എന്നെ പുണർന്ന് ദൈവത്തോളം

 ഉയർത്തി പുളകമണിയിച്ചത്.     

   ഒന്ന് തൊടാൻ ഒന്ന് ചുംബിക്കാൻ ആ ഇഷ്ടത്തിനെ..

..    എനിക്കിതുവരെ കഴിഞ്ഞില്ല. 

ആയുമ്പോഴേക്കും പറയുമ്പോഴേക്കും അത് 

ആവിയായി പിടി തരാതെ എനിക്ക് ചുറ്റും ഉലാവും. 

  അതിന്റെ രൂപം ഏതാണ്ട് നിന്റെ തന്നെ. 

അതിൽ അലിയാൻ കൊതിക്കാം എന്നല്ലാതെ 

ഒന്ന് ശരിക്ക് കാണാൻ പോലും എനിക്ക്  ആവതില്ല.  

 അരൂപിയായ ആ ഇഷ്ടം ഒരുവേള എന്നെ

 ഇവിടെ നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ടാകും.. തുടരാനും. 

ആ ഇഷ്ടമെന്ന ഇന്ധനമാണല്ലോ ഇന്നെന്റെ 

കണ്ണിലും കവിളിലും നിറഞ്ഞു വഴിയുന്നത്.


Tuesday, April 29, 2025

നിശ്ചയം

 നിശ്ചയമായും ആകെ നിശ്ചയം 

അവൾ മാത്രമാണ്.     

 തേടിയലഞ്ഞ ഏറ്റവും അഴകുള്ള ഇടം.    

  കുളിരുള്ള ഇടം. 

 കവിത നിറയുന്നിടം.   

   അതുല്യമായ കിനാവുകൾ 

വിരാജിക്കുന്ന സ്ഥലം.   

  അത് അവൾ മാത്രമാണ്. 

നിറയെ നിറയെ എന്നെ

 പൂർത്തീകരിക്കുന്നത് ആ 

സാമീപ്യമാണ്, ആ ചിന്തയാണ്.    

  അവളെ ഓർക്കുമ്പോൾ മാത്രം പൂർണ്ണത

 കിട്ടുന്ന ഒരു അപൂർണ്ണതയാണ് ഞാൻ.   

  ഒരു ദിവാസ്വപ്നമോ ഒരു കിട്ടാക്കനിയോ, 

ഒരു നിറദീപസൗരഭ്യമോ മാത്രമല്ല 

അവൾ എനിക്ക്.  

ഓരോ നിമിഷവും ഊറി നിൽക്കുന്ന 

ജീവചൈതന്യ രശ്മി. 

കണ്ണിലും മനസ്സിലും ചുറ്റിലും ഉള്ളിലും 

പരിലസിക്കുന്ന ആത്മസൗരഭ്യ 

പൂരിതമായ മോക്ഷസ്ഥലി.


Thursday, April 24, 2025

കൂട്

 ഒഴിഞ്ഞു കിടന്ന ഒരു ഏട്.  

   നിരർത്ഥകതയുടെ കൂട്.       

   നിരന്തരം വേട്ടയാടിയെ കിനാവ്.     

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട കണ്ണീര്.    

    നിർത്താതെ പെയ്യുന്ന മഴയിൽ 

ഒരു സ്വപ്നം നനയാതെ വിറച്ചിരിക്കുന്നു .  

അതുല്യമായ ഒരു മന്ദഹാസം 

നിരാസത്തിന്റെ മൂർദ്ധന്യത്തിൽ 

സംഭവിച്ചിരിക്കുന്നു.   

ഒരുവേള നിർത്താതെ പോയ ഒരു പ്രതീക്ഷ 

നിലവിളിയുമായി രാത്രി വീട്ടുമുറ്റത്ത്.  

 അറിഞ്ഞുകൂടാ എന്തിനെന്നും 

ഏതിനെന്നും ചൊൽ ക്കാഴ്ച്ചകൾ!.


അവസരം

 വീണുപോയ ഒരു അവസരം ആയിരുന്നു

 എന്ന് തീർച്ചയായും പറയാൻ കഴിയും.  

  നിതാന്ത ജാഗ്രതയോടെ ഞാൻ 

കാക്കേണ്ട ഒര വസരമായിരുന്നു അത്. 

നൂറായിരം കിനാവുകൾ ഊറ്റിയെടുത്താൽ

 പോലും കിട്ടാത്ത ഒര വസരം.!        

എന്നിട്ടും ഞാൻ എന്ത് ചെയ്തു എന്ന് നിങ്ങൾ ചോദിക്കരുത്. 

 അവസരോചിതമായി ഞാൻ ഒഴിഞ്ഞു മാറി. 

അകാലികമായി വരുന്ന ഒരു കാറ്റുവീഴ്ച 

പോലെ ഞാൻ അതിനെ ഒഴിവാക്കി.    

എടുത്തു ഉയർന്നു പോകാവുന്ന സുവർണ്ണ 

നിമിഷത്തെ ഞാൻ ഊതിക്കെടുത്തി.     

 എന്തിനെന്ന് നിങ്ങൾ ചോദിക്കും. ചോദിക്കണം.   

 നിരന്തരമായ വേട്ടയാടലിന് ഒടുവിൽ 

എനിക്ക് മാത്രമായൊരു ഭൂമികയില്ലെന്ന തിരിച്ചറിവ്.   

   നിതാന്തമായ അന്വേഷണങ്ങൾക്കൊടുവിൽ

 ഞാനെന്നിൽ വെറുതെ ചീഞ്ഞൊടുങ്ങുന്നു

 എന്ന ഭീകര യാഥാർത്ഥ്യം.!       

വീണുപോയ ഒരു അവസരം ആയിരുന്നു.   

എന്തിന് ഞാൻ അത് ഒഴിവാക്കിയെന്ന് 

ഇനിയും എന്നോട് ചോദിക്കരുത്.   

   ഇനി  ഒരു അവസരവും തേടി വരാത്ത 

ഒരിടത്തേക്ക് ആയിരുന്നു എപ്പോഴും എന്റെ കണ്ണ്.


വിടവ്

 ഒരു വിടവ് നമുക്കുള്ളിൽ തീർത്തതാരാണ്?   

 ആരുടെ ഒടുങ്ങാത്ത അസൂയയാവാമത്.?     

സ്വർഗ്ഗത്തിനു പോലും വേർപിരിക്കാനാവാത്ത വിധം

 ഒന്നായ നമുക്കുള്ളിൽ. ?      

ആ വിടവ് ആരുടെ ചെയ്തി?.      

ഒരുവേള ദൈവം പോലും അസൂയ മൂത്ത് ചെയ്തതാകുമോ?   

    അതുമല്ല കാമദേവനോ?    തന്റെ അമ്പുകൾ

 മുട്ടുമടക്കിയ നമ്മുടെ ചൈതന്യം

 നിറഞ്ഞ അടുപ്പം സഹിക്കാതെ.?     

ഈ വിടവ് നികത്താൻ നമുക്ക് എന്ത് ചെയ്യാനാകും?  

  നിദ്രകൾ കൊണ്ട് അത് അടയ്ക്കാൻ ആകുമോ?  

പരിഭവങ്ങൾ കൊണ്ട്, സ്വപ്നം കൊണ്ട്, 

നിറയെ നിറയെ കവിഞ്ഞൊഴുകുന്ന സ്നേഹം കൊണ്ട്..?   

 എന്തായാലും നമുക്ക് അത് അടച്ചേ മതിയാകൂ.  

  പ്രകൃതി അതാണ് പറയുന്നത്.  മരണം അതാണ് പറയുന്നത്.  

 കിനാവുകളുടെ കിന്നിരിയൊച്ചകൾ അതാണ് പറയുന്നത്.  

 വീണ്ടെടുപ്പിന് തയ്യാറാകാൻ ഞാൻ വീണ്ടും വീണ്ടും

 അവളോട് അഭ്യർത്ഥിക്കുകയാണ്.    

ഈ വിടവിൽ കിനിയുന്ന പൂം പരാഗം 

പ്രപഞ്ച ത്തോളം വളർന്നു വിലസീടട്ടെ.  

നല്ല നാളെയുടെ പ്രതീക്ഷകൾ അവയിൽ അടയിരിക്കട്ടെ.


Monday, April 21, 2025

അടയാളം

 ഒരു അടയാളം നിനക്കു മാത്രമായി 

ഞാൻ മാറ്റിവയ്ക്കുകയാണ്. 

ആരും മോഷ്ടിക്കാത്ത ആരെയും മോഹിപ്പിക്കുന്ന  

നിറഞ്ഞ കുനുകുനെ കുളിരുന്ന ഒരു അടയാളം

 നിനക്കായി മാറ്റിവയ്ക്കുകയാണ്. 

ആയിരം പുഞ്ചിരി ഇതളുകളിൽ പൊതിഞ്ഞ

 നൂറു കണ്ണീർ കണങ്ങളിൽ കഴുകി ഉണക്കിയ

 ഒരു അടയാളം നിനക്കായി.. 

മധുരമുള്ളതായി കൈപ്പേറിയതായി 

കനിവുള്ളതായി കനൽ പോലെ ചൂടേറ്റുന്നതായി.. 

നീ പരാതിപ്പെട്ടേക്കാം. എങ്കിലും ആ അടയാളം

 എനിക്ക് ബാക്കിവെച്ചേ മതിയാവൂ. 

ഒരു വേള ഞാൻ ഇല്ലാതാവുന്ന വേളയിൽ

 നിനക്ക് ഓർക്കാൻ ഈയൊരു അടയാളം മതിയാകുമോ?

 ഒരു വേള കൊയ്തൊഴിഞ്ഞ പാടം പോലെ 

തരിശായി  കിടക്കുന്ന ഈ സായാഹ്നത്തിൽ 

നിനക്കായി ഈ ഒരു അടയാളം മതിയാകുമോ? 

നിത്യത പുഷ്പിക്കുന്ന നൈരന്തര്യം ചുവക്കുന്ന 

നിഷ്ഫലത വേട്ടയാടുന്ന നിരർത്ഥകത താലമേന്തുന്ന 

ഈ ഒരടയാളമെങ്കിലും നിനക്ക് തരാതെ പോയാൽ 

എന്റെ ജീവിതം ഒരു അടയാളം ഇല്ലാത്തതായി പോകുമല്ലോ!



തരികൾ

 എന്റെ സ്വപ്നങ്ങളുടെ തരികൾ പെറുക്കിയാണ് 

ദൈവം അവളെ ഉണ്ടാക്കിയത്. 

എന്റെ തേടലുകളും കണ്ണീരും 

അതിൽ ചേർന്നലിഞ്ഞിട്ടുണ്ട്. 

എന്റെ വ്യാകുലതകളും കുന്നായ്മകളും 

അതിൽ അരികു ചേർന്ന് കിടപ്പുണ്ട്. 

എന്റെ അതിരില്ലാ ആശകൾ അതിൽ 

അലതല്ലി നിറയുന്നത് നിങ്ങൾക്ക് കാണാം. 

ഒരു വേള പരിചയില്ലാത്ത പരിഹാരമായി 

അവളെ സ്വീകരിക്കുന്നത് അതുകൊണ്ടാവാം. 

ജീവിതത്തിന്റെ ഒരു വകുപ്പിലും വളവിലും

 അവളുടെ സ്പർശമില്ലാതെ എനിക്ക് 

കടന്നുപോകാൻ ആവാത്തതും അതുകൊണ്ടാവാം. 

ജീവിതം-  അത് എത്ര അർത്ഥവത്തെന്ന് അവളെ 

നോക്കി എനിക്കിന്നു പറയാൻ കഴിയുന്നുണ്ട്. 

നിരന്തരമായ പരിക്രമണവും പരിചരണവും 

പരിപ്രേഷ്യവും ഇന്നവളാണ്. 

ഒരു അതിരിലും ഒതുങ്ങാത്ത അതിരായി 

ഒരു അളവിലും ഒടുങ്ങാത്ത അളവായി

 അവൾ എന്നിൽ നിറഞ്ഞു തുളുമ്പുന്നു.


Thursday, April 10, 2025

എന്താണ്?

 നിന്നോട് പറയാൻ എനിക്കുള്ളത് എന്താണ്?  

     ഒരു ലോകം നിറയെ സ്നേഹപ്പൂക്കൾ.    

   ഒരു സമുദ്രം നിറയെ സ്നേഹത്തിരകൾ.  

 ഒരു മോഹം നിറയെ നീ മാത്രം നീ മാത്രം.    

           നിന്നോട് പറയാൻ എനിക്കുള്ളത് എന്താണ്?      

          ഒരു നിറഞ്ഞ കണ്ണുനീർ-.        

   നീ എന്റേതല്ലല്ലോ എന്ന് ഓർക്കുമ്പോൾ 

മാത്രം നിറയുന്നവ.           

  ഒരു തുറന്ന ചിരി - എപ്പോഴെങ്കിലും ആ മനസ്സിൽ 

എന്റെ പേര് വരുന്നുണ്ടല്ലോ എന്നോർത്ത്.    

        നിന്നോട് പറയാൻ എനിക്കുള്ളത് എന്താണ്?           

      ഒരു ജീവിതം മുഴുവൻ -അതിൽ 

നിന്റെ സാമീപ്യം നിന്റെ ഗന്ധം മാത്രം നിറഞ്ഞ്.      

         ഒരു മരണം- നിന്നിൽ ചേർന്നലിഞ്ഞില്ലാതാകുന്ന 

ഒരു തുഷാര ബിന്ദുവായി ഞാൻ തീരുന്നത്.     

    അഗാധതയുടെ കരസ്പർശത്തിന്

 ഞാനിപ്പോൾ കാതോർക്കുകയാണ്.    

നീയെന്ന സത്യത്തിനപ്പുറം ഏതു സത്യം. ?            

 നീയെന്ന വരത്തിനപ്പുറം ഏതു വരം?.               

     എന്റെ മാത്രമെന്ന് നിനക്കുമ്പോൾ തന്നെ

 ഞാനെത്തുന്ന പൂർണ്ണത ആരോട് അറിയിക്കും

സായൂജ്യം

 ഒരു തേങ്ങലിന്റെ സ്പർശമായി 

ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.  

 തീരാ തേടൽ ആയോ കിട്ടാക്കനി ആയോ 

കനിവിന്റെ നിറകുടമായോ 

ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.   

നിദ്രയെ വെട്ടി കീറുന്ന സ്വപ്നമായോ 

നിരാസങ്ങളിൽ അഭിരമിക്കുന്ന 

അവിവേകമായോ ഒരിക്കലും..

 എന്നിട്ടും നിർത്താതെ തോരാത്ത ദാഹങ്ങൾക്ക് 

നിത്യശമനിയായി അവൾ മാത്രം ഉള്ളൂ 

എന്ന സത്യം എന്നെ തുറിച്ചു നോക്കുന്നു. 

  എന്നിട്ടും വിടാതെ പുണരുന്ന അസഹ്യതയെ

 ദൂരേക്കു നാടുകടത്തുന്ന    അഴകുറ്റ

 പ്രണയ രാവോർമ്മയായി അവൾ മാത്രം.   

എന്നെ ഞാനാക്കി നിർത്തുന്ന 

നിത്യ താരകയാണവൾ. 

എന്നിലെ ഏക അഗ്നി. 

എന്റെ തപഫലം. 

നിസ്തുലമായ ജീവിതവഴികളിലെ ഏക കിട്ടാക്കനി. 

സായൂജ്യം സായൂജ്യം അടയുന്നത് അവളിൽ മാത്രം


നിന്റെ..

 ഭൂമിയിൽ ഞാൻ തൊടുന്ന

 ഓരോ ബിന്ദുവിലും നിന്റെ നനവുണ്ട്.    

     നിന്റെ വഴിയുന്ന മധുര 

പുഞ്ചിരിയുടെ ഇത്തിരി വെട്ടം ഉണ്ട്.          

       കാലം   കീഴ്മേൽ മറിച്ചിട്ട് നോക്കിയാലും     

 കാലമേ ഇല്ലെന്നു വന്നാലും 

       എന്റെ എക്കാലത്തെയും പ്രാപ്യ വസ്തു നീ മാത്രം.  

                   എന്റെ തേടലുകളുടെ ആകെ തുക നീ മാത്രം.  

നിന്നെ ഒഴിഞ്ഞു പോകുമ്പോഴുള്ള ശൂന്യത, 

ഒന്നും സൃഷ്ടിക്കാത്തപ്പോ ഴുള്ള

 ദൈവത്തിന്റെ ശൂന്യത പോലെയാണ് .  

എന്റെ ജീവിത തേര് നിർത്തിയിട്ടിരിക്കയാണ്.           

                     രാജകുമാരി നീയണയു വതും  കാത്ത്. 

സ്പന്ദനങ്ങൾ എന്നോ നിലച്ചു പോയിരിക്കുന്നു.    

    നീ അണയുമ്പോൾ വീണ്ടും മിടിച്ചു തുടങ്ങാൻ.


മിണ്ടാതായപ്പോൾ..

 നിന്നോട് മിണ്ടാതായപ്പോൾ പ്രപഞ്ചം മുഴുവൻ

 എനിക്ക് നേരെ മുഖം പൊത്തിയ പോലെ.     

  നിന്റെ വാക്കുകൾ വീഴാഞ്ഞപ്പോൾ 

എന്റെ നിലം തരിശായ പോലെ.        

നിന്റെ മുഖം എത്ര അകലെയാണെങ്കിലും 

എനിക്ക് ഇവിടെ ഇരുന്നു കാണാം..  

          എന്നോടുള്ള ദേഷ്യം അതിൽ 

കടന്നൽകൂട് കെട്ടിയിരിക്കുന്നത്,     

  എന്നോടുള്ള അവഗണന ആ നടത്തത്തിൽ 

മൊഴികളിൽ കലങ്ങി കിടക്കുന്നത് .        

             പക്ഷേ ഒന്നോർക്കുക ഞാനിവിടെ അനാഥനാണ്.  

         ഒരു വലിയ ഭൂമിയിൽ ദൈവം എന്നെ ഒറ്റക്കാക്കി.         

           ബാക്കി എന്റെ എല്ലാമായിരുന്ന നീ മുഖം തിരിച്ചതോടെ,

             ഞാനൊരു അപ്രസക്തനായി.       

എന്റെ ഗാനത്തിനൊത്ത് ഒരു കിളിയും ചിലക്കുന്നില്ല .  

              എന്റെ തേടലുകൾക്കൊപ്പം തിങ്കൾ ആകാശത്ത് ചലിക്കുന്നില്ല. 

        എന്റെ ആവലാതികൾക്ക് കാത് തരാൻ 

ആരും ആരും ഈ വഴി വരുന്നുമില്ല   . 

   എത്ര പെട്ടെന്നാണ് ഒരു സ്വർഗ്ഗീയ ഇടം 

നരകത്തീ പടർന്ന മാതിരി ആയത്. 

     എത്ര വേഗത്തിലാണ് എന്റെ പ്രണയ കുറുമ്പുകൾ   

 അസ്ഥിവാരമില്ലാതെ അർത്ഥരഹിതമായത്.

 

ഇടപെടൽ

 അത്യപൂർവ്വമായ ഒരു ഇടപെടൽ 

എന്നു മാത്രമേ, 
എനിക്ക് 
അതിനെക്കുറിച്ച് പറയാനാകൂ. 

നിരന്തരം അലട്ടുന്ന ഒരു സ്വപ്നം,               അനുവാദമില്ലാതെ കയറിവരുന്ന 
ഒരു വേവലാതി,                          
നിരന്തരമായ ഒരു നിരാസം
                     
എനിക്ക് അതിനെക്കുറിച്ച് 
അത്രമാത്രമേ ഇപ്പോൾ പറയാനാകൂ.                        നിർദ്ദയമായ കാലത്തിന്റെ തിരുശേഷിപ്പുകൾ ആയി 
ഇതിനെ കണ്ടു സമാധാനിക്കാം, വേണമെങ്കിൽ.               

പക്ഷേ അത് അങ്ങിനെയല്ല.               ഇടതടവില്ലാതെ വേട്ടയാടുന്ന 
ഒരു മുനയൊടിഞ്ഞ ചോദ്യം      
എപ്പോഴും 
അതിന്റെ പുറകിൽ ഇരുന്ന് വിലപിക്കുന്നുണ്ട്.          
വെറുതെ തികട്ടിവരുന്ന  അസ്വസ്ഥത അതിന്റെ ഒരു മുഖമുദ്രയാണ്.
        
എല്ലാറ്റിൽ നിന്നുമുള്ള 
ഒരു പിൻവാങ്ങൽ 
അതെപ്പോഴും സൂക്ഷിക്കുന്നു.  
              
അഗാധം എന്ന് തോന്നിക്കുന്ന 
ഒരവജ്ഞ 
അതിന്റെ പ്രതിരൂപമാണ്.    

എങ്കിലും അത്യപൂർവ്വമായ 
ഒരിടപെടൽ 
എന്നു മാത്രമേ 
എനിക്ക് അതിനെക്കുറിച്ച് 
ഇപ്പോൾ പറയാനാകൂ. 

ആരും 
ഒന്നും
തിരിഞ്ഞു നോക്കാനില്ലാത്ത 
ഈ വിനാഴികയിൽ    
ഈ കൊച്ചു ഇടപെടൽ            
വല്ലാത്ത ഒരു ആശ്വാസമാണ് താനും.

Sunday, April 6, 2025

ഭയം

 ഭൂമിയിൽ ചവിട്ടി നടക്കാൻ 

എനിക്ക് ഭയം. 

കാരണം അവളുടെ മേലാണ് 

ഞാൻ ചവിട്ടുന്നത് എന്ന തോന്നൽ!


മൗനം

 ഒരു മൗനം കൊണ്ട് നിനക്കെന്നെ 

കീറി മുറിച്ചെറിയാൻ കഴിയും- സത്യം. 

പക്ഷേ ഒന്നോർക്കുക. 

പിന്നെ എത്ര തുന്നിക്കെട്ടിയാലും 

ചതഞ്ഞു പോയ സ്വപ്നങ്ങൾക്ക് 

വീണ്ടുമൊരു വാഴ്വ് ഉണ്ടാകില്ല


വൈകിയതാകുമോ?

 അങ്ങിനെയാണ് അത് സംഭവിച്ചത്. 

തീരെ പാടില്ലായിരുന്നു. എന്നിട്ടും. .

ഒരു കൊലമരം കയറിയ പോരാളിയുടെ വീര്യം അതിനില്ലായിരുന്നു. 

ഒരു നീണ്ട കാത്തിരിപ്പിന്റെ മുഷിപ്പും അവിടെ ഉണ്ടായിരുന്നില്ല. 

എന്നിട്ടും..

 കിനാവുകൾക്ക് പരതി നടക്കാൻ ഇടമില്ലാതിരുന്നിട്ടും,

 ദുഃഖങ്ങൾക്ക് മുഖം പൊത്തി മോങ്ങാൻ 

അവസരം തീരെ ഇല്ലാതിരുന്നിട്ടും അതങ്ങനെ സംഭവിക്കുകയായിരുന്നു.

 നിർത്താതെയുള്ള ജീവിതപ്രയാണത്തിൽ  ഒരു അടിവര 

എന്നോണം ഞാൻ.അത് സ്വീകരിക്കുകയാണ്. 

ശരിക്കും അങ്ങനെയാണ് സംഭവിച്ചത്.

 ശരിക്കും അങ്ങനെ തന്നെയാവണം അത് സംഭവിക്കേണ്ടത്

 എന്ന് എനിക്ക് വാശിയില്ല. അന്നും ഇന്നും ഇല്ല. 

അവൾ വലിയ കോപിഷ്ഠയായിരുന്നു. 

എന്റെ പ്രണയ നഷ്ടത്തിന്റെ കണക്ക് 

നിരത്തിയിട്ടും അവൾ തിളങ്ങിയില്ല. 

നിരാശയുടെ പകിട നിരത്തി കാണിച്ചിട്ടും അവൾ കനിഞ്ഞില്ല. 

ഒരു പൊട്ടിത്തെറിയോടെ ആയിരുന്നില്ല അത് ഉണ്ടായത്. 

ഒരു മന്ദാരം വിടരുന്ന ലാഘവവും അതിനുണ്ടായിരുന്നില്ല .

 കണ്ണീരടക്കി ക്ഷോഭം കലങ്ങിമറിയാതിരിക്കാൻ പണിപ്പെട്ട് 

അവൾ നടന്നു മറയുന്നത് നോക്കി ഞാൻ നിൽക്കുമ്പോഴും,

 എന്തിനാണ് അങ്ങനെ സംഭവിച്ചത് എന്ന് നിശ്ചയം ഇല്ലായിരുന്നു. 

അഥവാ അവളുടെ കാര്യമായതിനാൽ, 

അത് മുന്നേ സംഭവിക്കേണ്ടതായിരുന്നു എന്നുള്ള സംഭവം 

ഞാൻ അറിയാൻ വൈകിയതാകുമോ?


വേർപാട്

 നിശ്ചയിച്ച ദൂരം കൃത്യമായി കടന്നുചെന്നാണ് ഞാനത് കണ്ടെത്തിയത്. 

ഒരു വിളിപ്പാടകലെ അവളുടെ നിലവിളി അളിഞ്ഞ് കിടന്നു. 

മുടിയിഴകൾ ചിതറി രക്തം തെറിച്ച് ആകെ ശോകമയം. 

എന്നിട്ട് ഞാൻ എന്ത് ചെയ്തു എന്ന് നിങ്ങൾ ചോദിക്കുന്നു. 

നിരാലംബ നിമിഷത്തെക്കുറിച്ച് ഞാൻ ഒരു കവിത എഴുതി. 

കാർകൂന്തലിന്റെ നിലതെറ്റിയ വിന്യാസം 

എന്നിൽ ഉണർത്തിയ കാമാനുഭൂതി വിവരണാതീതം.

. നിശ്ചയിച്ച സമയം ഏറെ കടന്നിട്ടും വീണ്ടും 

ഞാൻ നോക്കിയിരിക്കുകയാണ്. 

എന്റെ ജീവസഖി എന്ന് പലനേരങ്ങളിൽ കരുതിയ 

അവളുടെ കുരുത്തംകെട്ട വേർപാട്.


Thursday, March 20, 2025

ചിറകുകൾ .

 സ്വപ്നങ്ങളുടെ ചിറകുകൾ എന്തുകൊണ്ടാകാം 

ഉണ്ടാക്കിയിരിക്കുന്നത് ?

കുനു കുനെ പൂക്കുന്ന നൊമ്പരങ്ങളെ കൊണ്ടാകുമോ ?
നഷ്ടപ്പെടുന്ന പ്രതീക്ഷകളുടെ അഴിയാ ചങ്ങലകളെ കൊണ്ടാകുമോ ?
കണ്ണ് പൊത്തി കളിക്കുമ്പോൾ നിന്നിൽ അറിയാതെ വിടരുന്ന 
നുണക്കുഴി പൂത്തിരി കൊണ്ടാകുമോ ?

സ്വപ്നങ്ങളുടെ ചിറകുകൾ എന്തുകൊണ്ടാകാം ?

മിണ്ടാതെ അടയിരിക്കുന്ന അവളുടെ 
പരിഭവങ്ങൾ കൊണ്ടാകുമോ ?

എന്തുകൊണ്ടാകാം ?
അസുലഭമെന്നോർത്തു അനുദിനം നഷ്ടപ്പെടുന്ന 
കനിവിന്റെ തരികൾ കൊണ്ടാകുമോ ?
സ്വപ്നങ്ങളുടെ ചിറകുകൾ എന്തുകൊണ്ടാകാം ?

നിരാസം .

 അതുല്യമായ ഒരു നിരാസം എന്നിൽ സംഭവിച്ചിട്ടുണ്ട് .

അതി പുരാതനമായ നിത്യ നൂതനത്വം തുളുമ്പുന്ന 
ഒരു വിരക്തി എന്നിൽ അടിഞ്ഞു കൂടി കിടക്കുന്നുണ്ട് .
അരുതാത്തതെന്നു കരുതാവുന്ന ഒരു 
വിപ്രതിപത്തി എന്നിൽ തികട്ടി തികട്ടി വരുന്നുണ്ട് .
അഗാധതകളിൽ തട്ടി തടഞ്ഞു വീണിടത്തു 
കിടന്നൊച്ചവെക്കുന്നുണ്ട് എന്റെ പ്രണയങ്ങൾ .
ആരുണ്ട് കാക്കാൻ ആരുണ്ട് നോക്കി നിൽക്കാൻ 
ആരുണ്ട് മനസ്സിലാക്കി അരുമയോടെ അടുപ്പിച്ചു നിർത്താൻ ..
ഒരു വകഭേദമില്ലാത്ത ഒരു വകതിരിവ് 
എന്നെ തേടി വരുന്നുണ്ട് തീർച്ച .
ഞാൻ കാത്തിരിക്കയാണ് 
കിനാവിൽ നിന്നൂറും തേൻ നുകരാൻ .
കണ്ണീരിൽ വിടരുന്ന പൂക്കാലം കാണാൻ .
 അതിവിദൂരമല്ലാത്ത ഒരു കാഴ്ച്ച 
എന്നെ മാടി വിളിക്കുന്നുണ്ട്.
ഞാൻ വരട്ടെ !

Wednesday, March 19, 2025

കാത്തിരുപ്പ്

 ഒരു കിനാവിന്റെ കഷണം മാത്രമല്ലേ ഞാൻ ചോദിച്ചത് .

ഒരു നിറമിഴി കനവല്ലേ ഞാൻ ചോദിച്ചത് ?
ഒരു പതിരില്ലാ കനവല്ലേ ഞാൻ ചോദിച്ചത് ?എന്നിട്ടും പകരം ?
നിർത്തിയിടത്തു നിന്നും തുടങ്ങാനാവാതെ പകച്ചു നിന്നു സ്നേഹം .
നിർലജ്ജം വലിച്ചെറിഞ്ഞ വാഗ്ദാനങ്ങൾ 
പടിവാതിൽക്കൽ വന്നു അലമുറകരയുന്നു.
ഇനിയും പിടി തരാതെ 
വഴുതുന്ന എന്നെ ഇനി എന്നാണു ഞാൻ തിരിച്ചു പിടിക്കുക ?

അഗാധമെന്നു വേണമെങ്കിൽ പറയാവുന്ന ഒരു മൗനം 
എന്നെ തേടി വരുന്നില്ല എന്ന് പറയരുത് .
ഒരു വിടര,ഒരു പുലരി,
ഒരു സങ്കീർത്തനം പോലുള്ള ഒരു തലോടൽ -
ഞാൻ കാത്തിരിക്കയാണ് . 

നിശ്ചിതം .

 ഒരു നിശ്ചിത ദൂരം കടക്കാനായിരുന്നു പ്ലാൻ .

കൃത്യമായി അളന്നു തിട്ടപ്പെടുത്തിയ 
അടയാളം വെച്ചുള്ള കൃത്യമായ ദൂരം .
എന്നിട്ടും ഒരു  കാൽപിഴയാലോ 
കൺപിഴയാലോ നിശ്ചിതം എപ്പോഴും 
അനിശ്ചിതത്വത്തിലും ,
അളവുകൾ അലങ്കോലമായും കാണപ്പെട്ടു .

സ്വപ്‌നങ്ങൾ ഒരു നിശ്ചിതം 
പ്രണയം ഒരു നിശ്ചിതം 
കാമം ഒരു നിശ്ചിതം 
തെന്നി പോകുന്ന സ്നേഹങ്ങൾ ഒരു നിശ്ചിതം .
എന്നിട്ടും അനിശ്ചിതാവസ്ഥയിൽ 
വേവലാതിപ്പെട്ടു തീരുന്നു മനസ്സ് .

എനിക്കു ചുറ്റാൻ ഉടയാട തീർക്കാൻ 
വ്യർത്ഥതകൾ ഔൽസുക്യം കാണിച്ചു .
എനിക്ക് ചുറ്റും വട്ടം 
പറക്കാൻ സദാചാര നിശാചരർ ഉത്സാഹം കാട്ടി .
എന്നിട്ടും എന്നിട്ടും ജീവിതം   പിടഞ്ഞു പിടഞ്ഞു 
തീരുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു 
എന്തിനായിരുന്നു  നീക്കി വെച്ചത് അവസാന അത്താഴം ?

അതാര്യമായ ഒരു സുവിശേഷമാണ് 
ഈ അന്ത്യ നിമിഷത്തിൽ കൂട്ടിനു വരിക.
 .യാഥാർഥ്യങ്ങൾ വാചാലമായി എന്നെ ഒറ്റപ്പെടുത്തുകയാണല്ലോ .
ദൈവ വചനങ്ങളിൽ ഒന്നിൽ പോലും 
എന്റെ അശാന്തിക്കുള്ള മരുന്ന് കരുതിയിട്ടില്ലല്ലോ .!
ഇനി വരും നാളുകളിൽ  അണിയാൻ ഉടയാട തിരയേണ്ടത് 
എന്റെ മൗനം കൊണ്ടാകുമോ ?

Sunday, March 16, 2025

എന്തുത്തരം

 എന്തുത്തരം ?

ചോദ്യങ്ങൾ ശവപ്പെട്ടിയിൽ കിടന്നു മവിക്കുമ്പോൾ ..
ഒരിടത്തു പിടഞ്ഞു വീഴും ദുരിതങ്ങൾക്കു 
മറുലോകം എവിടെ?
നിദ്രകളിലാഴ്ന്നാഴ്ന്നു പുൽകി മറയുകയാണോ 
നിരന്തരമായ തേടലുകൾ ?
അന്നും ഇന്നും എന്നും ഒരു കവചമായി കരുതിയ 
കിനാവുകൾ ഇന്നെവിടെ ?
നിരാലംബതകളുടെ അസ്തമയ സൂര്യനെ
 തിരിച്ചു പിടിക്കാൻ 
ഞാനെന്തു ചെയ്യണം ?
ഒരു വേള  ഒന്നും കരുതിയതില്ലാതെ 
എങ്ങോ മറഞ്ഞ സ്വപ്‌നങ്ങൾ 
എന്നെ സന്ദർശിക്കാൻ വീണ്ടും വരുമായിരിക്കാം .
അഗാധമെന്നു കരുതാവുന്ന ഒരു വാക്ക് 
അത് ഇനിയും ഉണ്ടാവാത്തതെന്തേ ?
നരകവാതിൽ തല്ലി തുറന്ന് സ്വർഗ്ഗത്തിന്റെ ഒരു ശീതള കാറ്റു 
എന്നെ തലോടി ഉണർത്താൻ ഇനിയും വരാതിരിക്കുമോ ?

വിധി

 ഒരു നിലവിളിയായി തീരാനായിരുന്നു ആ പ്രണയത്തിന്റെ വിധി .

ഒരു ദിക്കിലും അതൊന്നും സവിശേഷമായി അടയാളപ്പെടുത്തിയില്ല .

ഒരു തീരാത്ത കിനാച്ചോർച്ച യാകാനായിരുന്നു ആ പ്രണയ വിധി .

നിസ്തർക്കം ന്യായം വിധിക്കാൻ നിങ്ങളതിനു ചുറ്റും വട്ടമിടേണ്ട .

ഒരു ത്യാഗിയുടെ അസാന്നിദ്ധ്യത്തിനു നിങ്ങൾക്കു 

കളിക്കാനിടം അത് നീക്കിവെച്ചിട്ടുണ്ട് 

Saturday, March 15, 2025

മരണം -

 മരണം ഒരു സ്വകാര്യമാണ്. 
ദൈവം ആത്മാവിനോട് മന്ത്രിക്കുന്ന പരമ രഹസ്യം .
മരണം, ആർദ്രം ഒരു ചുംബനമാണ് .
നിതാന്ത ജാഗ്രത അതിന്റെ അടിവേരാണ് .
നിറഞ്ഞ ഒരു കിനാവാണ്‌ മരണം .
എന്തെന്തു മായിക ഭാവങ്ങൾ ക്ഷണ നേരം കൊണ്ടവിടെ മാറി മറയുന്നു .
മരണം ഒരു നുണയാണ് .
ജീവിതം അനന്തതയോടു പറയുന്ന നുണ .
മറന്നു പോകാവുന്ന ഒരു തീർച്ചപ്പെടുത്തൽ അതിനുണ്ട്.
കടന്നു പോകാവുന്ന ഒരു നിർദ്ദയത്വം അതിനുണ്ട് .
അതിരറ്റ വാത്സല്യം അതിൽ അന്തര്ലീനമാണ് .
അതിരുകൾക്കു മറക്കുവാനാവാത്ത ഒരു വേദന അതിൽ ഖനീഭൂതമാണ് .
മരണം അത്യന്തം ഒരു ദൃഷ്ടാന്തമാണ് .
നിരന്തരമായ വേട്ടയാടലിനു ശേഷം ഒരിരയും കയ്യിൽ തടഞ്ഞില്ലല്ലോ എന്ന ഖേദം .
അനവരതം പരതി നടന്നത് പതിരുകൾ ചികയൽ മാത്രമായിരുന്നല്ലോ എന്ന കേഴൽ .

മരണം ഒരു ദുർബ്ബലതയാണ് .
അസഹനീയമായ അപമാനമാണ് .
ഓർത്തു വെക്കാനായി ഒന്നും അവശേഷിക്കാത്ത ഒരു അസംബന്ധ സ്വപ്നം .

ഒരു വേള

ഒരു വേള ഒരു നിദ്രതകൾക്കും നിന്നോടത് പറയാനാവില്ല .

മരണത്തിന്റെ വളഞ്ഞു പിളഞ്ഞു വഷളായ വസന്ത രാഗങ്ങൾ .
ഒരു വേള നിശൂന്യമായ ഒരാർത്ത നാദം മാത്രമായിരിക്കും. 
നമ്മുടെ ദുരന്തങ്ങളുടെ ഏക സാക്ഷി .
ഒരു വേള ഒരു വേള നിറയാതെ നിറഞ്ഞ ഒരു ചതി പ്രയോഗമാകാം 
നമ്മെ അവിരാമം വേട്ടയാടുന്നത് .
അറിഞ്ഞില്ലെന്ന് ഇനി പറയാനാവില്ല 
അതിരു കടന്നെന്നും ഇനി ആവില്ല ..
എല്ലാം ഒഴിഞ്ഞു നഷ്ടമായി നിരാലംബമായി സുഹൃത്തേ ,,

എന്നെ തൊടാനിനിയും നിനക്കായില്ലല്ലോ യെന്നു 

ഒരു പിശാച് വന്നു എന്നിലെ ദൈവത്തോട്  ചോദിച്ചു.
അരികു വൽക്കരിക്കപ്പെട്ട ഒരു ദേവ സങ്കീർത്തനം 
ആരാരും കേൾക്കാതെ നിന്റെ ചെവിയിൽ ഞാൻ മൊഴിയാം .
ആരുണ്ടിനിയും തടുക്കാൻ ഒടുക്കത്തെ തലയറുക്കപ്പെട്ട 
എന്റെ മോഹങ്ങളെ  !
നിദ്ര വിട്ടൊഴിഞ്ഞു ഞാൻ  വിളിച്ചിടത്തൊക്കെ വരാൻ 
റെഡിയായി അവൾ നിന്നു .
എനിക്ക് നാണം വിരിയുന്നതിപ്പോൾ അറ്റം കാണാത്ത 
ജീവിത കുടിശശിക തീർക്കാൻ കഴിയാത്തതിലല്ല ,
അതിർത്തി ഭേദിച്ച നിസ്തുല രാഗ വിഭാതങ്ങളുടെ വിങ്ങലിലാണ് .